'ഗോമാതാ ഉലര്‍ത്ത്' എന്ന പേരില്‍ പാചക വീഡിയോ; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

'ഗോമാതാ ഉലര്‍ത്ത്' എന്ന പേരില്‍ പാചക വീഡിയോ; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.

ഗോമാതാ ഉലര്‍ത്ത് എന്ന പേരില്‍ പാചക വീഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിച്ചിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.