ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി ഒക്ടോബർ 26-ന് മല്ലികാർജുൻ ഖാർഗെ സ്ഥാനമേൽക്കുമ്പോൾ സംഘടനയുടെ സമൂലമായ മാറ്റത്തിന്റെ തിടക്കമാകും അത്. ഒരാൾക്ക് ഒരു പദവിയെന്ന ചിന്തൻ ശിബിരത്തിലെ നിർദ്ദേശങ്ങളും നേതൃതലത്തിൽ കൂടുതൽ യുവാക്കളെ കൊണ്ടുവരാനുള്ള തീരുമാനവുമൊക്കെ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് നിയുക്ത കോൺഗ്രസ് പ്രസിഡന്റ് ആദ്യ സമയങ്ങളിൽ നൽകുന്നത്.
മൂന്നുമാസത്തിനുശേഷം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പും പിന്നാലെ സംഘടനയിൽ ഉടച്ചുവാർക്കലുമുണ്ടാവുമെന്നും അദ്ദേഹം സൂചന തരുന്നു.
പ്രവർത്തകസമിതിയിലേക്ക് വോട്ടുചെയ്യാനുള്ള എ.ഐ.സി.സി. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതടക്കമുള്ള ചുമതല അധ്യക്ഷന് കൈമാറി. ഇതിനുള്ള നടപടി വൈകാതെയുണ്ടാകും. അതുവരെ നിലവിലുള്ള പ്രവർത്തകസമിതി സ്റ്റിയറിങ് കമ്മിറ്റിയായി തുടരും.
പ്രവർത്തകസമിതിയിൽ പാർട്ടി പ്രസിഡന്റും പാർലമെന്റ് കക്ഷിനേതാവും സ്ഥിരാംഗങ്ങളാണ്. കോൺഗ്രസ് ഭരണഘടനപ്രകാരം 11 പേരെ അധ്യക്ഷന് നാമനിർദേശംചെയ്യാം. ശേഷിക്കുന്ന 12 അംഗങ്ങളെ തിരഞ്ഞെടുക്കണം. നിലവിൽ സോണിയാഗാന്ധിയടക്കം 23 അംഗങ്ങളാണുള്ളത്. 24 സ്ഥിരംക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളും വേറെയുണ്ട്. കാൽനൂറ്റാണ്ടിലധികമായി നാമനിർദേശംവഴിയാണ് അംഗങ്ങളെത്തുന്നത്.
ഗാന്ധികുടുംബത്തിന്റെയും മുതിർന്ന നേതാക്കളുടെയും പിന്തുണയും സംഘടനാസംവിധാനങ്ങളും ഒരുവശത്തുണ്ടായിട്ടും ശശി തരൂരിന് 11 ശതമാനത്തിലധികം വോട്ടുലഭിച്ചത് മാറ്റത്തിനായി പാർട്ടിക്കുള്ളിലുള്ള തീവ്രാഭിലാഷമാണെന്ന ബോധം നേതാക്കൾക്കുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് ഉറപ്പാണ്. ഉദയ്‍പുർ ചിന്തൻ ശിബിരവാഗ്ദാനങ്ങൾ ഖാർഗെയും മുന്നോട്ടുവെച്ചതിനാൽ ഒരാൾക്ക് ഒരു പദവിയും അഞ്ചുവർഷകാലാവധിയും നടപ്പാക്കേണ്ടിവരും.
തന്റെ സ്ഥാനം ഖാർഗെ തീരുമാനിക്കുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം അഴിച്ചുപണിയുണ്ടാവുമെന്ന സൂചനയാണ്. രാഹുൽഗാന്ധിയുടെ വിശ്വസ്തനായ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും ഈ തീരുമാനത്തിനൊപ്പമാണ്. നിലവിൽ ജനറൽസെക്രട്ടറിയായ വേണുഗോപാലിന് അഞ്ചുവർഷ കാലാവധിപ്രകാരം ഇനിയും ഒന്നേകാൽ വർഷംതുടരാം.
രാഹുൽഗാന്ധിക്ക് യൂത്ത് കോൺഗ്രസിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ സംഘടനാതിരഞ്ഞെടുപ്പിൽ മത്സരിച്ചുതോൽക്കുന്നവർക്ക് ഭാരവാഹിത്വം നൽകിയിരുന്നു. ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയെ കർണാടക യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചു തോറ്റപ്പോൾ ഉപാധ്യക്ഷനാക്കി. ഖാർഗെ ഈ പാത പിന്തുടർന്നാൽ തോറ്റ ശശി തരൂരിന് പ്രവർത്തകസമിതിയിൽ അവസരം കിട്ടിയേക്കാം.
ഖാർഗെയ്ക്കായി എട്ടുസംസ്ഥാനങ്ങളിൽ പ്രചാരണം നടത്തിയ രമേശ് ചെന്നിത്തലയും പദവി പ്രതീക്ഷിക്കുന്നവരിൽപ്പെടുന്നു.
തലമുറ മാറ്റമാണ് ഖാർഗെയുടെ പ്രധാന പരിഗണനയിലൊന്ന്. ചിന്തൻ ശിബിരത്തിലെ പ്രഖ്യാപനത്തിന് അനുസൃതമായി ഭാരവാഹി സ്ഥാനങ്ങളിൽ പകുതി യുവാക്കൾക്ക് നൽകുമെന്ന് പ്രചാരണഘട്ടത്തിൽ ഖാർഗെ പലവട്ടം വ്യക്തമാക്കിയിരുന്നു. അതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിവെക്കുന്നതിനാണ് ഊന്നൽ. ശശി തരൂർ അടക്കം മാറ്റത്തിനുവേണ്ടി വാദിക്കുന്നവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടു പോകാനുള്ള നടപടികളുണ്ടാവും.
സമാന ചിന്താഗതിക്കാരായ ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ നേതൃനിരയുമായി ബന്ധം മെച്ചപ്പെടുത്താനും പാർലമെന്‍റിൽ അത് പ്രതിഫലിപ്പിക്കാനും ശ്രമങ്ങൾ ഉണ്ടാവും. ഭാരത് ജോഡോ യാത്രയിൽ ഇടവേളകളിൽ മാത്രമാവും ഖാർഗെ പങ്കെടുക്കുക. തുടർന്നും നയിക്കുക രാഹുൽ ഗാന്ധി തന്നെ. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ സജ്ജമാക്കുന്നതിൽ ഖാർഗെ കേന്ദ്രീകരിക്കും.
പാർട്ടിയിൽ എല്ലാവരുടെയും സഹകരണം തേടുന്നതിന്‍റെ ഭാഗമായി, ചുമതലയേൽക്കുന്ന ബുധനാഴ്ചത്തെ ചടങ്ങിലേക്ക് പ്രവർത്തകസമിതി അംഗങ്ങൾ, പി.സി.സി പ്രസിഡന്‍റുമാർ, നിയമസഭ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ പി.സി.സി പ്രസിഡന്‍റുമാർ, എ.ഐ.സി.സി ഭാരവാഹികൾ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. മുൻഗണനകൾ വൈകാതെ അദ്ദേഹം വിശദീകരിക്കും.
ദീപാവലി, ഖാർഗെയുടെ സ്ഥാനമേൽക്കൽ ചടങ്ങ് എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച മുതൽ മൂന്നു ദിവസം ഭാരത് ജോഡോ യാത്രക്ക് അവധി നൽകി. ബുധനാഴ്ച രാവിലെ 10.30നാണ് ഖാർഗെ ചുമതലയേൽക്കുന്നത്. പ്രസിഡന്‍റായി തെരഞ്ഞെടുത്ത ഇലക്ഷൻ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് വരണാധികാരി മധുസൂദൻ മിസ്ത്രി കൈമാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.