പ്രകാശ് ജോസഫ്
ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്ത് മൂന്നു വര്‍ഷം മുന്‍പ് ലിബറല്‍ പാര്‍ട്ടിയില്‍ അംഗത്വം നേടിയ പെന്തക്കോസ്ത് സഭാ വിഭാഗം പാസ്റ്റര്‍ ബ്രയന്‍ ഹീത്തിന്റെ വരവോടെ നിരവധി സഭാംഗങ്ങള്‍ ലിബറല്‍ പാര്‍ട്ടിയില്‍ അംഗത്വം നേടിയതായി അടുത്തിടെ ഓസ്‌ട്രേലിയന്‍ മാധ്യമമായ എബിസി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
വിക്‌ടോറിയ സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ ബ്രയന്‍ ഹീത്തിന്റെ സിറ്റി ബില്‍ഡേഴ്‌സ് എന്ന പെന്തക്കോസ്ത് സഭാ വിഭാഗം ലിബറല്‍ പാര്‍ട്ടി രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീന ശക്തിയാണ്.
ബ്രയന്‍ ഹീത്തിനെ പിന്തുണച്ചും സഭാംഗങ്ങള്‍ രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് മലേഷ്യയില്‍നിന്നുള്ള പ്രമുഖ പെന്തക്കോസ്ത് പാസ്റ്റര്‍ ജോനാഥന്‍ ഡേവിഡ് ഓസ്‌ട്രേലിയയിലെത്തി പ്രസംഗിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
'നിലവിലെ സാഹചര്യങ്ങളെ നാം മാറ്റണം. രാജ്യം പണിയുന്നവരായി നമ്മള്‍ മാറണം. പാര്‍ട്ടി അംഗങ്ങള്‍ വൃദ്ധരായി മാറുന്നു. യുവജനതയ്ക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. ഈ സാഹചര്യങ്ങള്‍ നാം അനുകൂല ഘടകങ്ങളാക്കി മാറ്റണം' - സിറ്റി ബില്‍ഡേഴ്‌സ് ചര്‍ച്ച് പാസ്റ്റര്‍ ബ്രയന്‍ ഹീത്തിന്റെ സഭാംഗങ്ങള്‍ക്കുള്ള ആഹ്വാനമാണിത്.
ബ്രയന്‍ ഹീത്ത്
വിക്‌ടോറിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഈ സമൂഹം ഏറെ ശക്തമാണ്. കഴിഞ്ഞ വര്‍ഷം ലിബറല്‍ പാര്‍ട്ടിയുടെ ഗിപ്സ്ലാന്‍ഡ് ഫെഡറല്‍ ഇലക്ടറേറ്റ് സമ്മേളനത്തിനായി സിറ്റി ബില്‍ഡേഴ്‌സ് സഭയുടെ ആരാധനാലയം വിട്ടുകൊടുത്തത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ ഒരു വിശ്വാസ സമൂഹത്തില്‍നിന്ന് നിരവധി ആളുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് എത്തുന്നത് സംശയക്കണ്ണോടെയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നത്. അതേസമയം, മാധ്യങ്ങള്‍ വിമര്‍ശിക്കുമ്പോഴും അനുദിനം ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയുടെ രാഷ്ട്രീയ രംഗത്ത് പുതുചലനങ്ങളും പുത്തന്‍ ഉണര്‍ണവും നല്‍കാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കഴിയുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. ഏതു പാര്‍ട്ടിയില്‍ ചേരാനും പ്രവര്‍ത്തിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ഇത്തരം വിമര്‍ശനങ്ങളെ കണക്കിലെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സഭാസമൂഹം.
ഭ്രൂണഹത്യ, സ്വവര്‍ഗരതി എന്നീ വിഷയങ്ങള്‍ക്കെതിരേ രാജ്യം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സമൂഹമാണിത്. ഒരു വിശ്വാസ സമൂഹത്തില്‍നിന്നുള്ളവര്‍ മാത്രമാണ് അടുത്ത കാലത്തായി പാര്‍ട്ടി പ്രവര്‍ത്തകരായി മാറുന്നതെന്ന് വിക്‌ടോറിയന്‍ ലിബറല്‍ പാര്‍ട്ടി നേതൃത്വം സമ്മതിക്കുന്നതായി എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ചില കേന്ദ്രങ്ങളില്‍നിന്നെല്ലാം അസാധാരണമാംവിധം പാര്‍ട്ടി അംഗത്വത്തിനായി ആവശ്യമുയരുന്നുണ്ട്. ചിലരുടെയെങ്കിലും അപേക്ഷകള്‍ നേതൃത്വം തിരസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. പല പ്രാദേശിക പാര്‍ട്ടി ബ്രാഞ്ചുകളും പ്രവര്‍ത്തകരില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ചില ക്രേന്ദങ്ങളില്‍ വലിയ ശക്തി പ്രകടനം. സഭാംഗങ്ങള്‍ കൂടുതലായി പാര്‍ട്ടി അംഗങ്ങളായി വരുന്നതോടെ യാഥാസ്ഥിതിക അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും ഉണ്ടാകുന്നതായി പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തമായ ആസൂത്രണത്തോടെ മറ്റ് മതവിഭാങ്ങളും രാഷ്ട്രീയ രംഗത്തേക്കു ചുവടുവയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രകടമാണ്. ലേബര്‍ പാര്‍ട്ടി അംഗമായി ഓസ്‌ട്രേലിയന്‍ ഉപരിസഭയായ സെനറ്റിലേക്ക് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം സമുദായാംഗം ഫാത്തിമ പേയ്മാന് പ്രായം 27 മാത്രമാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ സെനറ്റില്‍ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തിയുമാണ് അഫ്ഗാനിസ്ഥാനില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ കുടിയേറിയ ഫാത്തിമ പേയ്മാന്‍.
ഫാത്തിമ പേയ്മാന്‍
ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ഫെഡറല്‍ ലേബര്‍ ഗവണ്‍മെന്റില്‍ മൂന്നു മുസ്ലിം സമുദായ അംഗങ്ങള്‍ ഇടംപിടിച്ചു. വ്യവസായം ശാസ്ത്രം, യുവജന വിഭാഗം, കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെല്ലാം നേടാനായത് ഈ സമുദായത്തിന്റെ ഐക്യത്തിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു.
മതിയായ രാഷ്ട്രീയ ബോധ്യമില്ലാതെ വളര്‍ന്നുവരുന്ന പുതുതലമുറയാണ് ഓസ്‌ട്രേലിയ നേരിടുന്ന അടിസ്ഥാന പ്രശ്‌നമെന്നത് അധികമാരും നിഷേധിക്കാനിടയില്ല. നിയമനിര്‍മാണ, നിര്‍വഹണ രംഗത്തും നീതിന്യായ വ്യവസ്ഥിതിയിലുമെല്ലാം കഴിവും ചിന്താശക്തിയുമുള്ള യുവ തലമുറ വരണമെന്നത് ഓസ്‌ട്രേലിയന്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്.
രാജ്യത്തു കൊണ്ടുവരുന്ന ഓരോ ബില്ലിലും പാര്‍ലമെന്ററി രംഗത്തുള്ള വ്യക്തികളുടെ വീക്ഷണവും ജീവിതാനുഭവങ്ങളും സ്വാധീനിക്കപ്പെടുമെന്നത് നിസംശയമാണ്. എന്നാല്‍ വളരുന്ന യുവത്വത്തിന് ശക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടും അവബോധവും നല്‍കുന്നതില്‍ ഒട്ടുമിക്ക സമൂഹങ്ങളും പരാജപ്പെടുകയാണ്. ഓസ്‌ട്രേലിയയില്‍ ഏറെയുള്ള മലയാളി സമൂഹം ഇത്തരത്തില്‍ ചിന്തിക്കാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടി വന്നേക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.