തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയ എൽദോസ് കുന്നപ്പിള്ളി എംഎല്‍എ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഇന്ന് രാവിലെ ഒൻപത് മണിക്ക് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകുന്ന എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തുമെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.
പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് എൽദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്.
എൽദോസ് കുന്നപ്പിള്ളി തന്നെ ഫോണിൽ ബന്ധപ്പെട്ടതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഇന്നലെ വ്യക്തമാക്കി. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് സുധാകരൻ പറഞ്ഞു.
ഒളിവിൽ കഴിഞ്ഞ ശേഷം പുറത്ത് വന്ന എല്‍ദോസ് ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച് വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.