മാനന്തവാടി: ജനവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന കടുവയുടെ ആക്രമണത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി അവശ്യപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചെ ബത്തേരി, ചീരാൽ സ്വദേശി സ്‌കറിയായുടെ പശുവിനെ കടുവ കൊന്നതോടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കളുടെ എണ്ണം പത്തായി. ഒരാഴ്ച മുൻപും ഇതേ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നു. ജില്ലയിലെ മുഴുവൻ വനംവകുപ്പ് ഓഫീസുകളിലും നിന്നുള്ള സംയുക്തസേന വെള്ളിയാഴ്ച്ച രാവിലെ മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മുൻപ് വയനാട് സുൽത്താൻ ബത്തേരിയിൽ വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. പരിസരത്ത് കടുവ കടിച്ചുകൊന്ന മാനിന്റെ ജഡവും കണ്ടെത്തിയിരുന്നു. കടുവകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും നടപടികൾ വേണ്ട വിധം നടക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് കെ.സി.വൈ.എം മാനന്തവാടി രൂപത. ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തുന്ന കടുവയെ പിടിക്കാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും, അതോടൊപ്പം വന്യജീവി അക്രമങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സർക്കാരിന് ഉണ്ടെന്നും കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് റ്റിബിൻ പാറക്കൽ ആവശ്യപ്പെട്ടു. ജനജീവിതത്തിന് ഭീഷണിയായി തുടരുന്ന ഇത്തരം ആക്രമണ സംഭവങ്ങളിൽ നടപടികൾ കൃത്യമായി സ്വീകരിക്കാതെ തുടരുന്ന സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി കെ.സി.വൈ.എം മുന്നിട്ടിറങ്ങുമെന്നും രൂപതാ സമിതി അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപതാ വൈസ് പ്രസിഡന്റ് നയന മുണ്ടക്കത്തടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ സണ്ണി അമ്പലത്തിങ്കൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം, അനിമേറ്റർ സി. സാലി സിഎംസി എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.