അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ ആടിയുലഞ്ഞ് വിമാനം; പരിഭ്രാന്തി; 12 യാത്രക്കാര്‍ക്കു പരിക്ക്

അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ ആടിയുലഞ്ഞ് വിമാനം; പരിഭ്രാന്തി; 12 യാത്രക്കാര്‍ക്കു പരിക്ക്

മാഡ്രിഡ്: സമുദ്രത്തിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ആടിയുലയുമ്പോഴുള്ള യാത്രക്കാരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതിനപ്പുറമാണ്. അത്തരമൊരു ഭീതിദമായ സാഹചര്യത്തെ നേരിട്ടത് അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്ന എയറോലിനാസ് അര്‍ജന്റീനാസ് വിമാനത്തിലെ യാത്രക്കാരാണ്. കഴിഞ്ഞ ദിവസം സ്‌പെയ്‌നിലെ മാഡ്രിഡില്‍ നിന്ന് ബ്യൂണസ് ഐറിസിലേക്ക് യാത്ര ചെയ്ത എയര്‍ബസ് എ330200 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ട് 12 പേര്‍ക്കു പരിക്കേറ്റത്. 271 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


പരിക്കേറ്റ യാത്രക്കാരി

ആകാശച്ചുഴിയില്‍പെട്ട് (ടര്‍ബുലന്‍സ്) ആടിയുലഞ്ഞ വിമാനത്തിന്റെ സീലിങ്ങില്‍ ശക്തിയായി ഇടിച്ച് താഴെ വീണാണ് പലര്‍ക്കും പരുക്കേറ്റത്. ഇവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. യാത്രക്കാര്‍ നിലത്തുവീണു കിടക്കുന്നതിന്റെയും സാധനങ്ങളും മറ്റും ചിതറിക്കിടക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നു. മുറിവേറ്റവരുടെ ചിത്രങ്ങളുമുണ്ട്. യാത്രക്കാരുടെ തലയിടിച്ച് വിമാനത്തിന്റെ അകത്തെ ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വിമാനം ആടിയുലയാന്‍ തുടങ്ങിയപ്പോള്‍ സുരക്ഷാ ബെല്‍റ്റ് ഇടാന്‍ വിമാന ജീവനക്കാര്‍ തങ്ങളോട് പറഞ്ഞില്ലെന്ന് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാവരും സീറ്റില്‍നിന്ന് മുകളിലേക്ക് ഉയര്‍ന്നു. നിലത്തു വീണവരില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാര്‍ പോലുമുണ്ടായിരുന്നു.

വിമാനത്തിന്റെ ഉള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ച നിലയില്‍

വിമാനത്തിന്റെ അവസാന ഏഴു മണിക്കൂര്‍ യാത്ര പേടിസ്വപ്നമായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വിമാനത്തിന്റെ തറയില്‍ നിരവധി സാധനങ്ങള്‍ കിടക്കുന്നതു കാണാം. അതേസമയം വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായത് ആശ്വാസമായി.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വിമാനം ബ്യൂണസ് അയേഴ്‌സില്‍ ഇറങ്ങിയതിന് ശേഷം ആശുപത്രിയിലേക്കു മാറ്റി. നിസാര പരിക്കേറ്റ ഒമ്പത് പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ടെന്നും എയറോലീനാസ് അര്‍ജന്റീനാസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എന്താണ് ടര്‍ബുലന്‍സ്?

ഏവിയേഷന്‍ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടര്‍ബുലന്‍സ്. കാറ്റിന്റെ സമ്മര്‍ദത്തിലും ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും. ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയായി എടുത്തിട്ട് അടിക്കുന്നതുപോലെയും അനുഭവപ്പെടാം.

വായുവിന്റെ സ്ഥിരത അനുസരിച്ച് ലൈറ്റ്, മോഡറേറ്റ്, സിവിയര്‍, എക്‌സ്ട്രീം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ടര്‍ബുലന്‍സിനെ പെടുത്താം. മോഡറേറ്റ് വിഭാഗത്തില്‍പ്പെടുന്ന ടര്‍ബുലന്‍സ് ആണെങ്കില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകില്ല. സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന യാത്രക്കാര്‍ക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നേയുള്ളൂ. എന്നാല്‍ എക്‌സ്ട്രീം ടര്‍ബുലന്‍സില്‍ വിമാനം ഉയരത്തില്‍നിന്നു താഴോട്ടോ മുകളിലോട്ടോ വലിച്ചിടുന്നതുപോലെയുള്ള അനുഭവമായിരിക്കും ഉണ്ടാകുക. പൈലറ്റുമാര്‍ക്ക് വിമാനം നിയന്ത്രിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടും അനുഭവപ്പെടും.

അപ്രതീക്ഷിത ടര്‍ബുലന്‍സിനെ പ്രതിരോധിക്കാന്‍ യാത്രക്കാര്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) മുന്നറിയിപ്പു നല്‍കുന്നുണ്ട്. പരിഭ്രാന്തരാകാതെ വിമാന ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. ബാഗുകള്‍ പോലുള്ളവ സീറ്റിന്റെ അടിവശത്ത് വയ്ക്കുക. തലയ്ക്കു മുകളിലുള്ള റാക്കില്‍നിന്ന് ലഗേജ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ കുനിഞ്ഞിരുന്ന് തലയ്ക്കു മുകളില്‍ കൈവച്ച് തടസം സൃഷ്ടിക്കുക. വിമാനത്തില്‍ ഇത്തരം സാഹചര്യങ്ങളിലുണ്ടാകുന്ന 'മോഷന്‍ സിക്‌നസ്' (ഛര്‍ദ്ദി അടക്കമുള്ളവ) ഒഴിവാക്കാന്‍ ഇടയ്ക്കിടെ സാവധാനം ദീര്‍ഘമായി ശ്വസിക്കുന്നത് സഹായകമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.