തിരുവനന്തപുരം : 2015 ലെ ബജറ്റ് അവതരണത്തിനു ശേഷം നിയമസഭയിൽ നടന്ന കയ്യാങ്കളിലും വസ്തുക്കൾ നാശം വരുത്തിയതിനും മേൽ അന്നത്തെ പ്രതിപക്ഷാംഗങ്ങളായിരുന്ന ആറു പേരുടെ പേരിൽ എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി കോടതി തള്ളിക്കളഞ്ഞു. തിരുവനന്തപുരം ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. കേസ്സിൽ പ്രതിയായവർ അടുത്തമാസം 15 ന് നേരിട്ട് ഹാജരാകുന്നതിനും കോടതി ആവശ്യപ്പെട്ടു.
പൊതുമുതൽ നശീകരണം പോലുള്ള കുറ്റങ്ങൾ ചുമത്തി ക്രൈം ബ്രാഞ്ച് എടുത്ത കേസ്സാണ്
സർക്കാർ ഹർജി നൽകി പിൻവലിക്കാൻ കോടതിയെ സമീപിച്ചത്. പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം ടി.തോമസ് , പീറ്റർ മലയിൽപറമ്പിൽ എന്നിവർ കേസ് പിൻവലിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയിരുന്നു.
നിമയസഭയിൽ നടന്ന ജനാധിപത്യത്തിന് കളങ്കം വരുത്തിയ കയ്യാങ്കളികൾ തൽസമയം ജനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടിരുന്നതാണെന്നും ഇത്തരം നിയമലംഘനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്തവരുടെ മേൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസവും നഷ്ടമാകുമെന്ന് ഹർജിക്കാർ വാദിച്ചു.
പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എൽ.എ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ.
കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ,വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹർജി നൽകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.