എഴുപത്തിയെട്ടാം മാർപ്പാപ്പ ഡോണൂസ് (കേപ്പാമാരിലൂടെ ഭാഗം-79)

എഴുപത്തിയെട്ടാം മാർപ്പാപ്പ ഡോണൂസ് (കേപ്പാമാരിലൂടെ ഭാഗം-79)

സഭയുടെ ചരിത്രത്തിലെ മറ്റു പല മാര്‍പ്പാപ്പാമാരെയും പോലെ തിരുസഭയുടെ എഴുപത്തിയെട്ടാമത്തെ മാര്‍പ്പാപ്പയായ ഡോണൂസ് മാര്‍പ്പാപ്പയുടെ ഭരണകാലത്തെക്കുറിച്ചും ചരിത്രപരമായി പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. അദെയോദാത്തൂസ് രണ്ടാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തതിനുശേഷം ഏ. ഡി. 676 ഓഗസ്റ്റ് മാസത്തില്‍ തിരുസഭയുടെ പുതിയ തലവനായി ഡോണൂസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വയോധികനായിരുന്ന പാപ്പയ്ക്ക് ഏകദേശം മൂന്ന് മാസക്കാലത്തോളം ചക്രവര്‍ത്തിയുടെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടി വന്നു. ചക്രവര്‍ത്തിയുടെ അംഗീകാരം ലഭ്യമായി കഴിഞ്ഞ് അതേവര്‍ഷം തന്നെ നവംബര്‍ 2-ാം തീയതി ഡോണൂസ് പാപ്പാ റോമിന്റെ പുതിയ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. അതിനാല്‍ ഔദ്യോഗിക രേഖകളനുസരിച്ച് പാപ്പായുടെ ഭരണം തുടങ്ങുന്നത് ഏ. ഡി. 676 നവംബര്‍ 2-ാം തീയതി മുതലാണ്.


ഏ. ഡി. 663-ലെ കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തി റോമിലേക്ക് സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് പാശ്ചാത്യ സാമ്രാജ്യത്തിന്റെ ചുമതലയുണ്ടായിരുന്ന എക്‌സാര്‍ക്കിന്റെ ആസ്ഥാനമായിരുന്ന ഇറ്റലിയിലെ റവേന്നയെ സ്വതന്ത്രഭരണാധികാരമുള്ള ഒരു രൂപതയായി ചക്രവര്‍ത്തി ഉയര്‍ത്തുകയും രൂപതയുടെ മെത്രാനെ നിയമിക്കുന്നതിനുള്ള പൂര്‍ണ്ണാധികാരം രൂപതയ്ക്കു നല്‍കുകയും ചെയ്തു. ഇത് മാര്‍പ്പാപ്പയ്ക്ക് റവേന്ന രൂപതയുടെ മേല്‍ യാതൊരു അധികാരവുമില്ലായെന്ന അവകാശവാദത്തിന് തുടക്കം കുറിച്ചു. ഡോണൂസ് പാപ്പ വി. പത്രോസിന്റെ സിംഹാസനത്തിലേറിയയുടനെ പാപ്പാ റവേന്നയിലെ ആര്‍ച്ച് ബിഷപ്പുമായി അനുരഞ്ജന ശ്രമങ്ങള്‍ ആരംഭിച്ചു. മാര്‍പ്പാപ്പയുടെ ശ്രമങ്ങളുടെ ഫലമായി അദ്ദേഹവും റവേന്ന രൂപതയുടെ മെത്രാപ്പോലീത്തയുമായി ധാരണയിലെത്തുകയും തത്ഫലമായി മെത്രാപ്പോലീത്ത റവേന്ന രൂപത റോമിന്റെ അധികാരത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമാണെന്നുള്ള അവകാശവാദങ്ങള്‍ ഉപേക്ഷിക്കുകയും റോമിന്റെയും മാര്‍പ്പാപ്പയുടെയും അധികാരത്തെയും പ്രാഥമികതയേയും അംഗീകരിക്കുകയും ചെയ്തു.

ഇക്കാലയളവില്‍ സിറിയയില്‍നിന്നും റോമിലേക്കു വന്ന് പ്രശസ്തമായ ഒരു ആശ്രമത്തില്‍ താമസമാക്കിയ സന്യാസികള്‍ നെസ്‌തോറിയന്‍ പാഷണ്ഡത പ്രചരിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയ ഡോണൂസ് മാര്‍പ്പാപ്പ സഭയുടെ പ്രാമാണിക പഠനങ്ങളും സത്യ വിശ്വാസവും പിന്തുടരുന്ന സന്യാസികളെ പ്രസ്തുത ആശ്രമങ്ങളുടെ അധിപന്മാരായി നിയമിക്കുകയും നെസ്‌തോറിയന്‍ പഠനങ്ങള്‍ പിന്തുടരുന്ന സന്യാസികളെ മറ്റു പല ആശ്രമങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

തിരുസഭയില്‍ ആത്മീയ നവീകരണങ്ങള്‍ക്കും ഐക്യത്തിനും വഴി തെളിച്ചതിനു പുറമേ ദേവാലയങ്ങളും സഭാസ്ഥാപനങ്ങളും പുനരുദ്ധരിക്കുന്നതിനും സഭയുടെ ഭൗതിക വളര്‍ച്ചയ്ക്കും പ്രത്യേക ശ്രദ്ധ ചെലുത്തി. അതുപോലെ തന്നെ കോണ്‍സ്റ്റാന്റിനോപ്പിളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം താത്പര്യം കാണിച്ചിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളില്‍ കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തി മോണൊതെലിറ്റിക്ക് പാഷണ്ഡതയെ നേരിടുവാനും പൗരസ്ത്യ സഭയെ പ്രസ്തുത പാഷണ്ഡതയില്‍ നിന്നും മോചിപ്പിക്കുവാനും കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു ഡോണൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം. അതിനാല്‍ സഭയിലുടലെടുത്ത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ഒരു സൂനഹദോസ് വിളിച്ചു ചേര്‍ക്കുന്നതിന്റെ ആവശ്യകത അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ രാഷ്ട്രീയ അസ്ഥിരതകള്‍മൂലം സൂനഹദോസ് വിളിച്ചു ചേര്‍ക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തി ഇടക്കാല പരിഹാരം എന്ന നിലയില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ലത്തീന്‍-ഗ്രീക്ക് ദൈവശാസ്ത്രജ്ഞര്‍ സമ്മേളിച്ച് ദൈവശാസ്ത്ര പ്രതിസന്ധികളെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ അത്തരം ആലോചനകള്‍ ആരംഭിക്കുന്നതിനുമുമ്പ് ഏ. ഡി. 678 ഏപ്രില്‍ 11-ാം തീയതി ഡോണൂസ് മാര്‍പ്പാപ്പ കാലം ചെയ്യുകയും വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്യുകയും ചെയ്തു.

മുൻപത്തെ മാർപ്പാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.