ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടീഷ് പ്രാധാനമന്ത്രി സ്ഥാനത്തേക്ക്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് റിഷിയുടെ സാധ്യത ഉയര്‍ന്നതായി ബ്രിട്ടണ്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലിസ് ട്രസിന്റെ രാജിക്കു ശേഷം ലണ്ടനിലേക്കു തിരിച്ചെത്തിയ ബോറിസ് തനിക്കാവശ്യമായ പിന്തുണയുണ്ടെന്ന് മുന്‍പ് അവകാശപ്പെട്ടിരുന്നെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വ മത്സരത്തില്‍ നിന്ന് സ്വയം ഒഴിയുകയായിരുന്നു.
ഇന്നലെ രാത്രി വൈകിയാണ് ബോറിസ് മത്സരത്തില്‍നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്. 102 എംപിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാന്‍ സാധിക്കുമെങ്കിലും പാര്‍ട്ടിയില്‍ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ബോറിസ് വിശദീകരിച്ചത്. എന്നാല്‍ ഇന്നലെ രാത്രിവരെ കേവലം 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസിന് നേടാനായതെന്ന് ബ്രിട്ടിഷ് മധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രധാന മന്ത്രിയാകാനുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 100 പാര്‍ട്ടി എംപിമാരുടെ പിന്തുണയെങ്കിലും ആവശ്യമാണെന്നിരിക്കെ റിഷി സുനകിന് 144 എംപിമാര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മത്സര രംഗത്തുള്ള ഹൗസ് ഓഫ് കോമണ്‍സിലെ ടോറി നേതാവ് പെനി മോര്‍ഡന്റിന് 23 എംപിമാര്‍ മാത്രമാണ് പരസ്യമായി പിന്തുണ പ്രഖായപിച്ചിട്ടുള്ളത്.
ബോറിസിന്റെ മടങ്ങി വരവില്‍ പാര്‍ട്ടിയിലെ തന്നെ പല നേതാക്കളും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. റിഷി സുനക്, പെനി മോര്‍ഡൗന്റ് എന്നിവരുമായി കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് താന്‍ നാമനിര്‍ദേശം പിന്‍വലിക്കുന്നതെന്നും വിജയിക്കുന്നവര്‍ക്ക് തന്റെ പിന്തുണ സമര്‍പ്പിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന്(ഒക്ടോബര്‍ 24) ടോറി എംപിമാര്‍ വോട്ടു രേഖപ്പെടുത്തും. ഒക്ടോബര്‍ 28 നാണ് ഫലം പുറത്തുവരിക. ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെയാണ് എംപിമാരുടെ പിന്തുണ നേടാനുള്ള സമയം. ഇതിനോടകം പെന്നി മോര്‍ഡന്റിന് ഇത് നേടാനായില്ലെങ്കില്‍ ഇപ്പോള്‍ തന്നെ നൂറിലധികം എംപിമാരുടെ പിന്തുണുള്ള ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകും. ഇതോടെ ബ്രിട്ടനില്‍ ആദ്യമായി ഒരു ഏഷ്യക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തും. ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായതിനു സമാനമായ ചരിത്രസംഭവമാകും ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.