വിടാതെ ഗവർണർ; സർക്കാർ നേരിട്ട് നിയമിച്ച രണ്ട് വി.സി മാർക്ക് കൂടി രാജി ആവശ്യപ്പെട്ട് നോട്ടീസ് നൽകും

വിടാതെ ഗവർണർ; സർക്കാർ നേരിട്ട് നിയമിച്ച രണ്ട് വി.സി മാർക്ക് കൂടി രാജി ആവശ്യപ്പെട്ട് നോട്ടീസ് നൽകും

 തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയതിനു പിന്നാലെ രണ്ടു വൈസ് ചാൻസലർമാർക്കു കൂടി നോട്ടിസ് നൽകാൻ രാജ്‌ഭവൻ നീക്കം. 

കേ​ര​ള ഡിജിറ്റൽ സ​ർ​വ​ക​ലാ​ശാ​ല വിസി, ശ്രീനാരായണ സ​ർ​വ​ക​ലാ​ശാ​ല വിസി എന്നിവർക്കാണ് നോട്ടിസ് നൽകുക. സർക്കാർ നേരിട്ട് നിയമിച്ച വിസിമാരാണ് ഇവർ. ഈ സർവകലാശാലകൾക്ക് യുജിസി അംഗീകാരം ലഭിച്ചിരുന്നു. അതിനാൽ യുജിസി മാനദണ്ഡം പാലിച്ച് നിയമനം നടത്തണമെന്നാണു ഗവർണറുടെ വാദം.  

സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്. രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണ് വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത്. സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്. രാജശ്രീയ്ക്കു പകരം  കേ​ര​ള ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വിസി ഡോ.സ​ജി ഗോ​പി​നാ​ഥിന് വിസി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല നൽകാൻ സർക്കാർ ശുപാർശ നൽകിയതിനു പിന്നാലെ ഗവർണറുടെ നീക്കം.

കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവയിലെ വിസിമാർക്കാണ് രാജ്ഭവൻ അടിയന്തര നിർദേശം നൽകിയത്.

സാങ്കേതിക സർവകലാശാലയ്ക്കു പുറമേ അഞ്ച് സർവകലാശാലകളിലെ വിസിമാരെയും നിയമിച്ചത് പാനൽ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിന് പാനൽ ഉണ്ടായിരുന്നെങ്കിലും സേർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവർണറുടെ ഉത്തരവിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.