തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കാന്‍ നിയമനിര്‍മാണവുമായി ഫെഡറല്‍ സര്‍ക്കാര്‍

തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കാന്‍ നിയമനിര്‍മാണവുമായി ഫെഡറല്‍ സര്‍ക്കാര്‍

കാന്‍ബറ: തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇരട്ട പൗരത്വമുള്ള പ്രതികളുടെ ഓസ്‌ട്രേലിയന്‍ പൗരത്വം നീക്കം ചെയ്യാനുള്ള അധികാരം പുനഃസ്ഥാപിക്കാനൊരുങ്ങി അല്‍ബനീസി സര്‍ക്കാര്‍. അതിനായി പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍.

തീവ്രവാദികളുടെ പൗരത്വം ഇല്ലാതാക്കാന്‍ കോടതികളെ അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ വെളിപ്പെടുത്തി. മന്ത്രിക്ക് അതിനുള്ള അധികാരം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഈ വര്‍ഷം തീരുന്നതിനു മുന്‍പുതന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സഖ്യകക്ഷികളുടെ പിന്തുണ കൂടി ഉറപ്പാക്കി പാര്‍ലമെന്റില്‍ പാസാക്കാനാണ് ശ്രമിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയും റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ടര്‍ക്കിഷ് പൗരനായ ഡെലില്‍ അലക്‌സാണ്ടറിന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഡെലില്‍ അലക്‌സാണ്ടറിന് അനുകൂലമായി ഈ വര്‍ഷം ജൂണില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഇതേതുടര്‍ന്ന് അലക്സാണ്ടറിന്റെയും മറ്റൊരാളുടെയും പൗരത്വം സര്‍ക്കാര്‍ പുനഃസ്ഥാപിക്കേണ്ടതായി വന്നു. ഇതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മറ്റ് 20 പേര്‍ക്കും പൗരത്വം പുനഃസ്ഥാപിക്കുന്നതിന് അപേക്ഷിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആശങ്കപ്പെടുന്നു.

2015-ല്‍ അന്നത്തെ സഖ്യസര്‍ക്കാര്‍ പാസാക്കിയ പൗരത്വ റദ്ദാക്കല്‍ നിയമത്തിന് ഈ ഉത്തരവ് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ടോണി ആബട്ടും നിലവിലെ ലിബറല്‍ നേതാവ് പീറ്റര്‍ ഡട്ടനും ഇതിനെതിരേ വാദിച്ചെങ്കിലും പരാജയപ്പെട്ടു.

'ഭീകരര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെങ്കില്‍, അവരുടെ പൗരത്വം എടുത്തുകളയാന്‍ തങ്ങള്‍ നിയമനിര്‍മ്മാണം നടത്തും. കാരണം അത് രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഏറ്റവും അനിവാര്യമായ കാര്യമാണ്. പുതിയ നിയമങ്ങള്‍ കര്‍ക്കശമായിരിക്കും. അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

അലക്‌സാണ്ടറിന്റെ പൗരത്വം പുനസ്ഥാപിച്ചതിന്റെ ഫലമായി, ഐസിസ് പോരാളിയെ വിവാഹം കഴിക്കാന്‍ 2014 ല്‍ ഓസ്‌ട്രേലിയ വിട്ട സെഹ്‌റ ഡുമാന്റെ കാര്യത്തിലും അനുകൂല തീരുമാനമെടുക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് അല്‍ബനീസ് സര്‍ക്കാര്‍.

സെഹ്റ ഒരു പ്രഖ്യാപിത തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചതായി 2019 ജൂലൈയില്‍ ആഭ്യന്തരകാര്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. അലക്സാണ്ടറിനെപ്പോലെ ഡുമാന്റെയും പൗരത്വം റദ്ദാക്കുന്നത്, സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റം വിധിക്കുന്നതിനും ശിക്ഷ വിധിക്കുന്നതിനും തുല്യമാണെന്നാണ് ഹൈക്കോടതി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.