വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റതിന് ശേഷം ഇരുവരുടെയും മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ലോകത്ത് അരാജകത്വം വിതയ്ക്കുന്ന യുദ്ധങ്ങളിൽ പ്രത്യേകിച്ച് ഉക്രെയ്‌നിലെ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആഗ്രഹം ഇരുവരും ചർച്ച ചെയ്തു.
ഉക്രെയ്‌നിലെ സംഘർഷം മുതൽ മധ്യേഷ്യ, ആഫ്രിക്ക ഉൾപ്പെടെ ഉള്ള മേഖലകളിൽ മാനുഷികപരമായ സാഹചര്യങ്ങൾക്ക് പ്രത്യേക മുൻഗണന നൽകി പ്രവർത്തിക്കേണ്ട വിഷയങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിൽ ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചു.
മാർപാപ്പയുടെയും ഫ്രഞ്ച് പ്രസിഡന്റിന്റെയും ചർച്ചകൾ സൗഹാർദ്ദപരമായിരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് പുറത്ത് വിട്ട ഹ്രസ്വ പ്രസ്താവനയിൽ പറയുന്നു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കൂടാതെ ഇരുവരും പതിവ് പോലെ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് 2018 ജൂൺ 26 നും 2021 നവംബർ 26 നും ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. അഭയാർത്ഥി പ്രവാഹം, കാലാവസ്ഥാ വ്യതിയാനം, മധ്യപൂർവ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ എന്നിവയായിരുന്നു അന്നത്തെ കൂടിക്കാഴ്ചകളിലെ പ്രധാന വിഷയങ്ങൾ.
2020-ൽ നോട്ടർ ഡാം കത്തീഡ്രൽ ഡി നൈസിൽ നടന്ന കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടപ്പോൾ മാർപ്പാപ്പ അനുശോചനം രേഖപ്പെടുത്തിയത് ഉൾപ്പെടെ മാർപ്പാപ്പയും ഫ്രഞ്ച് പ്രസിഡന്റും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇമ്മാനുവൽ മാക്രോൺ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായും ബഹുമുഖ സംഘടനകളുമായും ഉള്ള ബന്ധം സംബന്ധിച്ച വത്തിക്കാൻ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഫെബ്രുവരി മാസം യൂറോപ്യൻ യൂണിയൻ പ്രമാണരേഖയിൽ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഭ്രൂണഹത്യ എഴുതിച്ചേർക്കാൻ മാക്രോൺ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്മേൽ യൂറോപ്പിലെ കത്തോലിക്ക മെത്രാന്മാർ ആശങ്ക പങ്കുവെച്ചിരുന്നു.
പുതിയതായി സ്ഥാനം ഏറ്റെടുത്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈൻ വിഷയം, അഭയാർത്ഥി പ്രവാഹം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.
തന്റെ ക്രൈസ്തവ വിശ്വാസം നിരന്തരം പ്രസംഗങ്ങളിൽ പരാമർശിക്കാറുള്ള മെലോണി വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയോടുള്ള ആദരവ് പങ്കുവയ്ക്കുകയും ഫ്രാൻസിസ് മാർപാപ്പയെ നേരിട്ട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.