ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമം; ഓര്‍ഡിനന്‍സിന് തയ്യാറെടുപ്പ് തുടങ്ങി

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമം; ഓര്‍ഡിനന്‍സിന് തയ്യാറെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് കോടതിയും കടന്ന് തെരുവിലേക്ക് എത്തിയതിന് പിന്നാലെ സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ സർക്കാർ നീക്കം. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. 

11 സർവകലാശാല വി.സിമാരെ പുറത്താക്കാനുള്ള നീക്കത്തിലൂടെ ഗവർണർ സൃഷ്ടിച്ച വൻ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ സർക്കാർ ആലോചനയിലാണ്. ഇതിനിടയിലാണ് സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റണമെന്ന നിർദേശമുയർന്നത്.

നിർദേശം പ്രായോഗികമാക്കുകയാണെങ്കിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഏത് നിമിഷവും പ്രതീക്ഷിക്കാം. നേരത്തേ സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഘട്ടത്തിലെല്ലാം തന്നെ ചാൻസലർ പദവിയിൽനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി പറഞ്ഞിരുന്നു. 

നിയമ സർവകലാശാല (നുവാൽസ്) ഒഴികെ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്കാണ്. ഓരോ സർവകലാശാലയുടെയും ആക്ടിലാണ് ഗവർണറെ ചാൻസലറായി നിശ്ചയിച്ചിരിക്കുന്നത്. പദവിയിൽനിന്ന് നീക്കുകയാണെങ്കിൽ ഈ സർവകലാശാലകളുടെ ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് കൊണ്ടുവരേണ്ടത്.

നേരത്തേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച് ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റുന്ന രീതിയിലാണ് ശിപാർശ ചെയ്തിരിക്കുന്നത്. 

മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കാനും ഓരോ സർവകലാശാലക്കും അക്കാദമിക് മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളെ ചാൻസലറായി നിയമിക്കാനുമായിരുന്നു ശിപാർശ. 

11 വി.സിമാരും ഉടൻ രാജിവെക്കണമെന്ന പ്രതിസന്ധി ഒഴിഞ്ഞെങ്കിലും നവംബർ നാലിനകം 11 വി.സിമാരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. വി.സിമാരുടെ ഭാഗം കൂടി കേട്ടശേഷം തുടർനടപടിയെടുക്കുന്നതിന് ഗവർണർക്ക് ഹൈകോടതി ഉത്തരവ് പ്രകാരം തടസ്സമില്ല. ഗവർണർ നടപടിയിലേക്ക് പോകുന്നത് തടയാനുള്ള വഴികളാണ് സർക്കാർ തേടുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.