ഇന്ത്യയിലെ കേരള സംസ്ഥാനത്തെ കത്തോലിക്കാ വിശ്വാസികളുടെ ആത്മീയനേതാവ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സഭാവിശ്വാസികള്‍ക്കു മാത്രമല്ല കേരളത്തിലെ മുഴുവന്‍ പൊതുസമൂഹത്തിനും യുവജനങ്ങളെ നശിപ്പിക്കുന്ന മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത് ഓർക്കുമല്ലോ.കേരളത്തിൽ സമീപകാലത്ത് ലഹരിമരുന്ന് മാഫിയക്കെതിരെ ആഞ്ഞടിച്ച പ്രവാചക ശബ്ദമായി നമുക്ക് അദ്ദേഹത്തിന്റെ ശബ്ദത്തെ വിലയിരുത്താം.
രേഖകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം വിളിച്ചുപറഞ്ഞ സത്യങ്ങൾ ശരിയാണെന്ന് നമ്മുടെ നാട്ടിലെ സമീപകാലത്തെ നിരവധി സംഭവങ്ങൾ തെളിയിക്കുന്നു.നമ്മുടെ കുടുംബങ്ങളില്‍ മക്കളെ ശ്രദ്ധയോടെ വളര്‍ത്തണമെന്നും യുവതലമുറ മയക്കുമരുന്നിന് അടിമയായി ലഹരിക്ക് അടിപ്പെട്ട് ജീവിതം നശിപ്പിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ലഹരിക്കെതിരെയുള്ള നിരന്തര പോരാട്ടം
മയക്കുമരുന്നു സംഘങ്ങൾ പല രാജ്യത്തെയും ഭരണത്തെ നിയന്ത്രിക്കുന്നു.കുട്ടികളെയും സ്ത്രീകളെയും അതിന്റെ വിപണനത്തിനായി വിനിയോഗിക്കുന്നു.നമ്മുടെ രാജ്യത്തും കാര്യങ്ങൾ ഭീതിജനകമാണ്.വിഷം കലർന്ന ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നത് പൊലെ കൊടിയ തിന്മയാണ് മയക്കുമരുന്നു കച്ചവടം.മാർ കല്ലറങ്ങാട്ടിന്റെ ചിന്തകൾ അങ്ങനെ നീളുകയാണ്.സീറോ മലബാർ സഭയിൽ ലഹരിക്കെതിരെയുള്ള ക്യാംപയിൻ അദ്ദേഹം ചെയർമാനായുള്ള അൽമായ കമ്മീഷന്റെ നേതൃത്വത്തിൽ പാലായിൽ ആരംഭിച്ചു കഴിഞ്ഞു.
ആഗോളഭീഷണി ഉയര്‍ത്തുന്ന, മനുഷ്യന്റെ സ്വൈര്യജീവിതത്തിന് ലോകത്തെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന, അത്യന്തം മനുഷ്യത്വവിരുദ്ധമായ ലഹരിയുടെ ആസൂത്രിതവലകളെക്കുറിച്ച് ഏറെ പഠനം നടത്തിയാണ് പൗര്യസ്ത കത്തോലിക്കാസഭാ വൃത്തങ്ങളിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ബിഷപ്പ് കല്ലറങ്ങാട്ട് തന്റെ കുറിപ്പുകൾ തയ്യാറാക്കിയത്.
ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ അംബാസിഡറായി കുട്ടികളെ വളർത്തിയെടുക്കണം. താടി കത്തുമ്പോൾ ബീഡി കത്തിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കൾ സ്ഫോടകവസ്തുക്കൾ പോലെയാണ്. ഉണക്കപ്പുല്ലിൽ തീയിട്ടശേഷം അയ്യോ തീപ്പിടിച്ചേ... എന്നു വിലപിച്ചിട്ടും കാര്യമില്ല. വാളെടുത്തല്ല, വാക്കാൽ മാതാപിതാക്കൾ കുട്ടികളെ നേർവഴിക്കു നയിക്കുന്നവരാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർക്കുന്നു.
മയക്കുമരുന്ന് പ്രശ്‌നത്തിന്റെ വ്യാപ്തി പഠിക്കാന്‍ തീരുമാനിച്ചാല്‍ നാം പകച്ചുപോകും. അന്വേഷിക്കും തോറും ആഴം കൂടിവരുന്ന ലഹരിയുടെ കാണാക്കയങ്ങള്‍. വലിയ അപകടത്തിന്റെ കാര്‍മേഘം നമ്മുടെ കുട്ടികളുടെ തലക്കുമുകളില്‍ ഉരുണ്ടുകൂടി നില്‍ക്കുന്നു. പ്രശ്‌നത്തിന്റെ ആഴം മനസ്സിലാകാത്തതുകൊണ്ടാവാം നമ്മുടെ മനസ്സ് അസ്വസ്ഥപ്പെടാത്തത്. ഓരോ ദിവസവും എത്രയെത്ര കുട്ടികളാണ് മയക്കുമരുന്നിന്റെ കെണിയില്‍ വീണുപോകുന്നത്? ലഹരിക്ക് ചികിത്സ തേടി ഡോക്ടര്‍മാരെ സമീപിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇത് വ്യക്തമാക്കുന്നുണ്ട്.
കുഞ്ഞുങ്ങളെ സംരക്ഷിക്കുക
മയക്കുമരുന്നിനെതിരേ ജനങ്ങൾ മതഭേദമേന്യ രംഗത്തു വരണമെന്നും കലാലയങ്ങളിൽ വിശിഷ്യാ പ്രായപൂർത്തിയാകാത്ത കൗമാരക്കാരിൽ പെരുകി വരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണെന്ന് ബിഷപ്പ് നിരീക്ഷിക്കുന്നു.കുട്ടികളുമായി ബന്ധപ്പെടുന്നവർ അവരുടെ നന്മയ്ക്കായി കാംക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലെങ്കിൽ അതും കുറ്റകരമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെടുന്നു.
'എന്റെ മക്കള്‍ സുരക്ഷിതരാണ്. അങ്ങനെയാണ് ഞാന്‍ അവരെ വളര്‍ത്തിയത്'- ഇങ്ങനെ കരുതി ഇനി ഒരു രക്ഷിതാവും സ്വയം വിഡ്ഢിയാകരുത്. മയക്കുമരുന്നിന്റെ കെണിയില്‍ ആരും പെട്ടുപോകാം; എത്ര ധാര്‍മിക ചുറ്റുപാടില്‍ വളരുന്ന കുട്ടിയാണെങ്കിലും. അത്രമേല്‍ ആസൂത്രിതമായ രീതിയിലാണ് മയക്കുമരുന്ന് കണ്ണികള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഞെട്ടിക്കുന്നതാണ്. വീടിന് പുറത്തിറങ്ങിയാല്‍, മയക്കുമരുന്നിന്റെ ചതിക്കുഴികള്‍ ഒളിച്ചിരിക്കാത്ത ഇടങ്ങള്‍ വളരെ കുറവ്. സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, തൊഴിലിടങ്ങള്‍, കളിസ്ഥലങ്ങള്‍, കവലകള്‍... തിരിച്ചറിയാന്‍ കഴിയാത്തവിധം ആ ചതിക്കുഴികള്‍ വ്യാപകമാണ്. മതകലാലയങ്ങള്‍ പോലും അതില്‍നിന്ന് മുക്തമല്ല.
മയക്കുമരുന്ന് വ്യാപനം ചെറുക്കുന്നതിന് പല ഘടകങ്ങളും തടസ്സം നില്‍ക്കുന്നു. മക്കളുടെ മേലുള്ള രക്ഷിതാക്കളുടെ അമിത വിശ്വാസമാണ് അതിലൊന്ന്. മകന്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടു എന്ന് ആരെങ്കിലും അറിയിച്ചാല്‍ അംഗീകരിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകുന്നില്ല. മാത്രമല്ല, വിവരം നല്‍കിയ വ്യക്തിക്കാകും കുറ്റവും ആക്ഷേപവും. മകന്‍ മയക്കുമരുന്നിന് അടിമയായി എന്ന് ബോധ്യപ്പെട്ടാലും ചില രക്ഷിതാക്കള്‍ പരിഹാര മാര്‍ഗങ്ങള്‍ അന്വേഷിക്കാറില്ല. കുടുംബത്തിന്റെ അഭിമാന ബോധമാണ് കാരണം. അഭിമാനപ്രശ്‌നമാണോ കുട്ടിയുടെ ഭാവിയാണോ പ്രധാനം?
സാമൂഹ്യ തിന്മകൾക്കതിരെ പോരാടാനുള്ള കുലീനത്വം സമൂഹം പ്രകടമാക്കണം. നമ്മുടെ മക്കൾ ലഹരിക്ക് അടിമകളാകുമ്പോൾ നമ്മുടെ സമൂഹം കരിന്തിരി കത്തുകയാണെന്നും ഈ അപകടനിലയെ തരണം ചെയ്യാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിക്കണമെന്നും ലഹരി വിരുദ്ധ സംസ്‌ക്കാരം വളർത്തണമെന്നും മാർ കല്ലറങ്ങാട്ട് ഓർമ്മപ്പെടുത്തുന്നു.
ആഗോള മയക്കുമരുന്ന് വിപണികൾ
വേൾഡ് ഡ്രഗ് റിപ്പോർട്ട് 2022 ആഗോള മയക്കുമരുന്ന് വിപണികളുടെ ആഴത്തിലുള്ള വിശകലനം നൽകുന്നു, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുടെ വലിയ ചിത്രത്തിനുള്ളിൽ മരുന്നുകളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നു.
മയക്കുമരുന്നുകളും കുറ്റകൃത്യങ്ങളും സംബന്ധിച്ച യുഎൻ ഓഫിസിന്റെ (United Nations Office on Drugs and Crime-UNODC) നേതൃത്വത്തിൽ മയക്കുമരുന്നു പ്രശ്നത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ വേൾഡ് ഡ്രഗ് റിപ്പോട്ട് എന്ന പേരിൽ എല്ലാ വർഷവും പുറത്തുവിടുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ദിനാചരണത്തിന് അനുബന്ധമായാണ് ഇതു ചെയ്യുന്നത്. ലഹരിയുടെ പ്രശ്നം ശാസ്ത്രീയമായി പഠിച്ചു വസ്തുതകളുടെ പിൻബലത്തിൽ പ്രായോഗിക പരിഹാരങ്ങളും നിർദ്ദേശിക്കുകയും ചെയ്യുന്നു ഈ റിപ്പോട്ടുകൾ.
മയക്കുമരുന്ന്, സംഘടിത കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരവാദം എന്നിവയിൽനിന്നു ലോകത്തെ സുരക്ഷിതമാക്കാൻ 2 ദശാബ്ദങ്ങളായി UNODC പ്രവർത്തിക്കുന്നു. ഈ സാമൂഹിക ഭീഷണികളൊക്കെ പരസ്പരബന്ധിതമാണ്. അതിനാൽ, ഇവയെ നേരിടുന്നതിലൂടെ മാത്രമേ എല്ലാവർക്കും ആരോഗ്യവും സുരക്ഷയും നീതിയും ഉറപ്പാക്കാനാവൂ. ഈ ദൗത്യത്തിൽ ക്രിയാത്മകമായി സഹകരിക്കുക എന്നതാണ് ഈ യുഎൻ വിഭാഗത്തിന്റെ ഉത്തരവാദിത്വം.
ലോക ഡ്രഗ് റിപ്പോർട്ട് 2022 ലക്ഷ്യമിടുന്നത് ലോക മയക്കുമരുന്ന് പ്രശ്നത്തിന്റെ ആഘാതത്തെ ചെറുക്കുന്നതിന് കൂടുതൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുക മാത്രമല്ല, പ്രത്യേക ഉൾക്കാഴ്ചകളോടെ, അംഗരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ മുൻകൂട്ടി കാണുന്നതിനും നേരിടുന്നതിനും സഹായിക്കുന്നു. മനുഷ്യരുടെ ആരോഗ്യം നശിപ്പിക്കുന്ന ലഹരി ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും അപകടമാണ്.
നവീനമായ സാമൂഹ്യമാധ്യമങ്ങൾ
ദ്രുതഗതിയിലുള്ള സാങ്കേതിക കണ്ടുപിടുത്തങ്ങൾ, മയക്കുമരുന്നുകൾ വില്ക്കാൻ പുതിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നവരുടെ കാര്യക്ഷമത വർദ്ധിപ്പിച്ചു. നവീന സാധ്യതകൾ പ്രയോജനപ്പെടുത്തി സർവ്വ മയക്കുമരുന്നുകളും എവിടെയും ലഭ്യമാക്കാൻ കഴിയുന്ന ഒരു ആഗോള വിപണിയായി ഇന്നിതു മാറിക്കൊണ്ടിരിക്കുന്നു. ഇതുമൂലം, മയക്കുമരുന്ന് ഉപയോഗത്തിന്റെ രീതികളിൽ ത്വരിതഗതിയിലുള്ള മാറ്റങ്ങൾ വരുകയും പൊതുജനാരോഗ്യത്തെ ഘോരമായി ബാധിക്കുകയും ചെയ്യുന്നു.
ഈ മേഖലയിലെ അപകടം തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി, ഡാർക് വെബ് പോലുള്ളവയെ നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കൾ, ടെക് കമ്പനികൾ, ഷിപ്പിംങ്/തപാൽ കമ്പനികൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഇൻറർനെറ്റ്, ഡാർക് വെബ് മുതലായവ ഉപയോഗിച്ചുള്ള മയക്കുമരുന്നു കടത്തിനെതിരേയുള്ള സർക്കാരിന്റെ ജാഗ്രത വർദ്ധിപ്പിക്കുക; ഇൻറർനെറ്റിലെ മയക്കുമരുന്നു വിതരണ ശൃംഖലകളെ നിയന്ത്രിക്കുക; മയക്കുമരുന്നു പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും മറ്റും വെബിൽനിന്നു നീക്കംചെയ്യുന്നതിനുള്ള നിയമചട്ടക്കൂട് ഒരുക്കുക; ക്രിപ്‌റ്റോ കറൻസി മാർക്കറ്റുകൾ നിയന്ത്രിക്കുകയും സംശയാസ്‌പദമായ ഇലക്ടോണിക് പണമിടപാടുകൾ നിരീക്ഷിക്കുകയും ചെയ്തു നിഗൂഢമായ ധനകൈമാറ്റങ്ങൾ തിരിച്ചറിഞ്ഞു ഡ്രഗ് മാഫിയയിലേക്കു മയക്കുമരുന്നു കടത്തിൽ നിന്നുള്ള അനധികൃത സമ്പാദ്യത്തിന്റെ ഒഴുക്കു തടയുക; ഡാർക് വെബിന്മേലുള്ള സൈബർ വിദഗ്ദ്ധരുടെ മേൽനോട്ടം കൂട്ടുന്നതുവഴി മയക്കുമരുന്നു വില്പക്കുള്ള ഓൺലൈൻ വിപണികളും പ്ലാറ്റ്‌ഫോമുകളും നീക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണം.
ലഹരിക്കെതിരെ സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി,ലെയ്റ്റി ആൻഡ് ലൈഫ് കമ്മീഷൻ
സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫിൻെറ നേതൃത്വത്തിൽ കേരളത്തിൻെറ വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ സമ്മേളനങ്ങളും കർമ്മപദ്ധതികളും നടപ്പിലാക്കുകയാണ് മാർ കല്ലറങ്ങാട്ടിന്റെ ഭാവി പദ്ധതികൾ.”ലഹരിയുടെ ഉപയോഗം ഒരിക്കലും തുടങ്ങരുത് ,തുടരരുത് ഒരുകാരണവശാലും “,ലഹരിയുടെ വ്യാപനം തടയുക ,ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിൻെറ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക ,ലഹരിവിരുദ്ധ സമൂഹം നിർമ്മിക്കുക" തുടങ്ങിയ മഹനീയ ദർശനങ്ങളോടെ സഭയിലെ മുഴുവൻ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ മാർ ജോസഫ് കല്ലറങ്ങാട്ട് ലഹരിമരുന്നുകൾക്കെതിരെയുള്ള തന്റെ ദൗത്യം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26