'ഓമ്പ്രാ... നീയാണല്ലോ കോടതി': ഗവര്‍ണറെ പരിഹസിച്ച് മണിയാശാന്‍

'ഓമ്പ്രാ... നീയാണല്ലോ കോടതി': ഗവര്‍ണറെ പരിഹസിച്ച് മണിയാശാന്‍

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയ സാഹചര്യത്തിലാണ് എം.എം മണി വിമര്‍ശനവുമായി രംഗത്തെത്തിയത്.

'ഓമ്പ്രാ, നീയാണല്ലോ കോടതി' എന്നാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധിപ്പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. കുറിപ്പിനു താഴെ സ്വാമി സന്ദീപാനന്ദ ഗിരിയും കമന്റ് ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി കത്തില്‍ പരാമര്‍ശിച്ച 'പ്ലഷര്‍' എന്ന വാക്ക് ഉദ്ധരിച്ചാണ് കുറിപ്പ്.

'എന്തുകൊണ്ടാണ് പ്ലഷര്‍ നഷ്ടപ്പെട്ടത്, കേരളത്തിലിപ്പോള്‍ ലഹരികൂടിയ എംഡിഎംഎ പോലുള്ള പാന്‍, തമ്പാക്ക്, ഹാന്‍സ് ഇവയെല്ലാം വില്‍പന നടത്തുന്നതും കൈവശം വയ്ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സ്വാഭാവികമായും ഇതുപയോഗിക്കുന്നവര്‍ക്ക് ഇതുകിട്ടാതായാല്‍ സര്‍വത്ര പ്ലഷര്‍ നഷ്ടപ്പെടും. ഈ മാരക വിഷ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഒരുമയോടെ നമുക്കൊന്നിക്കാം.' എന്നാണ് അദ്ദേഹം കുറിച്ചത്. ഉടന്‍തന്നെ മണിയുടെ മറുപടിയെത്തി. 'നിരോധിച്ച ലഹരി പദാര്‍ഥങ്ങള്‍ എവിടെനിന്ന് വരുന്നു.' എന്നാണ് അദ്ദേഹം മറുപടിയായി ചോദിച്ചത്.

കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അഞ്ച് പേജുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണറുടെ 'പ്ലഷര്‍' അവസാനിപ്പിക്കുന്നതിനു തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും വിഷയത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നു കരുതുന്നതായും മുഖ്യമന്ത്രി മറുപടി കത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.