ഫിഫ ലോകകപ്പ്: ഹയാകാർഡ് ഉടമകള്‍ക്ക് പ്രത്യേകവിസ നല്‍കുന്നത് ആരംഭിച്ചതായി ഒമാന്‍

ഫിഫ ലോകകപ്പ്: ഹയാകാർഡ് ഉടമകള്‍ക്ക് പ്രത്യേകവിസ നല്‍കുന്നത് ആരംഭിച്ചതായി ഒമാന്‍

മസ്കറ്റ്: ഖത്തറില്‍ ഫിഫ ലോകകപ്പിന് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോകകപ്പ് കാണാനെത്തുന്നവർക്കായുളള പ്രത്യേക വിസാ നടപടികള്‍ ആരംഭിച്ചതായി ഒമാന്‍.ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് എത്തുന്നവർക്ക് നിർബന്ധമായും വേണ്ട ഹയാ കാർഡ് ഉടമകള്‍ക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. ഇവർക്ക് ഒമാനില്‍ സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കും. 60 ദിവസത്തെ സാധുതയുളള വിസയാണ് ഇതെങ്കിലും കാലാവധി നീട്ടണമെങ്കില്‍ അതിനുളള സൗകര്യവും ലഭ്യമാണ്. രണ്ട് തവണ ഇങ്ങനെ ഇ വിസ വെബ്സൈറ്റ് വഴി കാലാവധി നീട്ടാം.

ഒമാന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പ് ഇപ്രകാരം ഹയാകാർഡ് ഉടമകള്‍ക്ക് സുല്‍ത്താനേറ്റ് ഓഫ് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുളള വിസയ്ക്കായുളള അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചു.മധ്യപൂർവ്വ ദേശത്തെ ആദ്യത്തെ ഫുട്ബോള്‍ ലോകകപ്പ് വിജയകരമാക്കുന്നതിന് ഖത്തറിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയെന്നുളളതാണ് രാജ്യം ലക്ഷ്യമിടുന്നത്. ലോകകപ്പ് ആരാധകരെ സ്വീകരിക്കാനും അവർക്ക് സൗകര്യപ്രദമായ ഹൃദ്യമായ അനുഭവം നൽകാനും ഒമാന്‍ സജ്ജമാണ്.രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ഹയ്യ കാർഡ് ഉടമകൾക്ക് അവരുടെ അടുത്ത ബന്ധുക്കളെയും കൂടെകൂട്ടാം.
അപേക്ഷിക്കേണ്ടതെങ്ങനെ
സന്ദർശകർ ഇ-വിസ വെബ്സൈറ്റിൽ (evisa.rop.gov.om) അപേക്ഷിക്കണം. അപേക്ഷ നൽകുമ്പോൾ വിമാന ടിക്കറ്റിന്‍റെ വിശദാംശങ്ങൾ, ഫോട്ടോ, പാസ്‌പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.