ഉക്രെയ്ൻ സൈനികർക്ക് പരിശീലനം നൽകാൻ ഓസ്‌ട്രേലിയൻ സേന ഉടൻ രംഗത്തിറങ്ങും

 ഉക്രെയ്ൻ സൈനികർക്ക് പരിശീലനം നൽകാൻ ഓസ്‌ട്രേലിയൻ സേന ഉടൻ രംഗത്തിറങ്ങും

സിഡ്‌നി: റഷ്യയുടെ ക്രൂരമായ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ ഉക്രെയ്ൻ സൈനികർക്ക് പരിശീലനം നൽകാൻ ഓസ്‌ട്രേലിയൻ സേന ഉടൻ രംഗത്തിറങ്ങും. ഉക്രെയ്ന്റെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ സൈന്യം ബ്രിട്ടൻ കേന്ദ്രീകരിച്ചാണ് പരിശീലനം നൽകുന്നത്.

മുമ്പ് ഉക്രെയ്ൻ സൈനികർക്ക് പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്നും രാജ്യത്തെ ധീരരായ പൗരന്മാർക്കൊപ്പമാണ് നിൽക്കുന്നതെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി വ്യക്തമാക്കിയിരുന്നു. എന്നാൽ ഉക്രെയ്ൻ മണ്ണിൽ ഓസ്‌ട്രേലിയൻ പ്രതിരോധ സേന പരിശീലനം നടത്തില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 70 പേരടങ്ങുന്ന ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ് (എഡിഎഫ്) ഉദ്യോഗസ്ഥരുടെ ഒരു സംഘം ക്രിസ്‌മസിന് ശേഷം ഓപ്പറേഷൻ ഇന്റഫ്‌ലെക്‌സ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര പരിശീലന ശ്രമത്തിൽ ചേരും.

എഡിഎഫ് ഉദ്യോഗസ്ഥർ ബ്രിട്ടനിൽ എത്തുന്ന കൃത്യമായ തിയതി ഓസ്‌ട്രേലിയ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ജനുവരിയിൽ ഇവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉക്രെയ്ന് ഇതിനകം നൽകിയ പ്രതിരോധ സഹായമായ 185.6 മില്യൺ ഡോളർ ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ ഈ ആഴ്‌ചത്തെ ഫെഡറൽ ബജറ്റിൽ 200 മില്യണിലധികം ഡോളറാണ് യുദ്ധത്തിൽ സഹായിക്കാൻ അധിക പിന്തുണയ്‌ക്കായി നീക്കിവച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഉക്രെയ്ന് പ്രഖ്യാപിച്ച വാഗ്‌ദാനത്തിൽ ഉൾപ്പെട്ട യുദ്ധമുഖത്തെ ഉരുക്കുകവചമായ 30 ബുഷ്മാസ്റ്റർ പരിരക്ഷിത മൊബിലിറ്റി വാഹനങ്ങളും ഉടൻ രാജ്യത്ത് എത്തും. ഈ ബുഷ്മാസ്റ്റർ വാഹനങ്ങൾ കൂടി അയയ്ക്കുന്നതോടെ ആകെ 90 സംരക്ഷിത മൊബിലിറ്റി വാഹനങ്ങൾ ഉക്രെയ്‌നിന് ലഭിക്കും.


ബുഷ്മാസ്റ്റർ വാഹനങ്ങളെ കൂടാതെ ഓസ്‌ട്രേലിയ ആറ് M777 പീരങ്കികളും അതിനാവശ്യമായ പടക്കോപ്പുകളും, 28 M113 കവചിത വാഹനങ്ങളും, കവച വിരുദ്ധ ആയുധങ്ങളും മറ്റ് ആയുധങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യത്തിന് നൽകുന്ന സൈനിക സഹായമായ 475 മില്യൺ ഡോളർ ഉൾപ്പെടെ ഉക്രെയ്നിലേക്ക് ഓസ്‌ട്രേലിയ ഇതുവരെ നൽകിയ സംഭാവനകൾ ആകെ 655 മില്യൺ ഡോളറാണ്.

ഉക്രെയ്‌നിന് പിന്തുണ നൽകുന്നതിൽ ഓസ്‌ട്രേലിയുടെ നിലപാട് വളരെ വ്യക്തമാണെന്നും പ്രസിഡന്റ് പുടിന്റെ നടപടികളെ അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസി പറഞ്ഞു. ഓസ്‌ട്രേലിയ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി തുടർന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുമ്പ് തീരുമാനിച്ച പ്രകാരം സേനയെ പരിശീലിപ്പിക്കാൻ എത്തുന്ന ഓസ്‌ട്രേലിയൻ സംഘം ഉക്രെയ്നിൽ പ്രവേശിക്കില്ല.

റഷ്യയുടെ അനധികൃതവും നിയമവിരുദ്ധവുമായ ആക്രമണത്തിന് എതിരെയുള്ള പോരാട്ടത്തിന് ഉക്രെയ്‌ൻ സേനയെ സഹായിക്കുന്നതിന് ഓസ്‌ട്രേലിയൻ സൈനികർ ബ്രിട്ടനിൽ നടക്കുന്ന പരിശീലന പരിപാടിയിൽ ഭാഗമാകുമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു.

ഉക്രെയ്‌ൻ പ്രസിഡന്റും പ്രതിരോധ മന്ത്രിയും അംബാസഡറും അഭ്യർത്ഥിച്ചതനുസരിച്ച് ഉക്രെയ്‌ൻ സായുധ സേനയ്ക്ക് യുദ്ധത്തിൽ വ്യാപകമായി ഉപയോഗിക്കാൻ ബുഷ്മാസ്റ്റേഴ്സിനെ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ ഓസ്‌ട്രേലിയയുടെ പിന്തുണയ്ക്ക് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റിലൂടെ നന്ദി അറിയിച്ചു.

കഴിഞ്ഞ മാസം ആദ്യം യുകെ സന്ദർശിച്ചപ്പോൾ ഓസ്‌ട്രേലിയ പരിശീലന ദൗത്യത്തിൽ പങ്ക്ചേരാനുള്ള സാധ്യത പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് വ്യക്തമാക്കിയിരുന്നു. ഉക്രെയ്‌നിയൻ സൈനിക റിക്രൂട്ട്‌മെന്റിനെ പരിശീലിപ്പിക്കുന്നതിനുള്ള യുകെ ഓപ്പറേഷനെ കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, ഫിൻലാൻഡ്, ഡെൻമാർക്ക്, ലിത്വാനിയ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടുതൽ വായിക്കാൻ

https://cnewslive.com/news/26267/warhead-steel-features-of-bushmaster-vehicles-requested-by-zelensky


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.