മസ്‌ക് 'പണി' തുടങ്ങി: ട്വിറ്റര്‍ തലപ്പത്ത് നിന്ന് സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെ നാലുപേര്‍ ഔട്ട്; ജോലിനഷ്ട ആശങ്കയില്‍ ജീവനക്കാര്‍

മസ്‌ക് 'പണി' തുടങ്ങി: ട്വിറ്റര്‍ തലപ്പത്ത് നിന്ന് സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെ നാലുപേര്‍ ഔട്ട്; ജോലിനഷ്ട ആശങ്കയില്‍ ജീവനക്കാര്‍

സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ കടുത്ത നടപടികളുമായി ടെസ്‍ല സിഇഒ ഇലോൺ മസ്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, നിയമകാര്യ, നയ മേധാവി വിജയ ഗദ്ദെ, ജനറല്‍ കോണ്‍സലായ സീന്‍ എഡ്‌ജെറ്റ് എന്നിവരെ പുറത്താക്കിയാണ് മസ്കിന്റെ പുതിയ തുടക്കം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ തന്നെയും ട്വിറ്റർ നിക്ഷേപകരെയും ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മസ്ക് ആരോപിച്ചിരുന്നു. മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ അഗര്‍വാളും സെഗാളും സാന്‍ ഫ്രാന്‍സിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്തുണ്ടായിരുന്നതായാണ് വിവരം. എന്നാൽ പുറത്താക്കല്‍ നടപടിയില്‍ മാസ്കോ മറ്റ് ഉദ്യോഗസ്ഥരോ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി അപ്രതീക്ഷിതമായി രാജിവച്ചപ്പോൾ 2021 നവംബറിലാണ് ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന പരാഗ് അഗർവാൾ സിഇഒ ആയി നിയമിക്കപ്പെട്ടത്. ഒരു ദശാബ്ദക്കാലമായി അഗർവാൾ ട്വിറ്ററിൽ ഉണ്ടായിരുന്നു. 2017 ലാണ് ട്വിറ്ററിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നെഡ് സെഗാൾ നിയമിതമായത്. 2012 മുതൽ സീൻ എഡ്‌ജെറ്റ് ട്വിറ്ററിൽ ജനറൽ കൗൺസലായി സേവനമനുഷ്ഠിക്കുന്നുണ്ട്.

ട്വിറ്ററിൽ പ്രധാനമായും അഞ്ച് മാറ്റങ്ങൾ കൊണ്ടുവരുമെന്നും മസ്ക് അറിയിച്ചു. ഉപയോക്താക്കൾ ഉള്ളടക്കം എങ്ങനെ അവതരിപ്പിക്കണമെന്ന് നിർണ്ണയിക്കുന്ന അൽഗോരിതങ്ങൾ പൊതുവായി ലഭ്യമാക്കും എന്നതാണ് മസ്ക് വരുത്താൻ പോകുന്ന മാറ്റങ്ങളിൽ ഒന്ന്. ട്വിറ്ററിൽ നിന്നും സ്കാം ബോട്ടുകൾ (scam bots) ഇല്ലാതാക്കുന്നതാണ് മറ്റൊരു മാറ്റം. കൂടാതെ ട്വിറ്റർ ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന എഡിറ്റ് ബട്ടണും ഉടൻ അവതരിപ്പിക്കും. ഉപയോക്താക്കൾക്ക് അവരുടെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്യാനുള്ള സൗകര്യം നൽകുന്നതായിരിക്കും പുതിയ ഫീച്ചർ.


സ്വതന്ത്രമായ അഭിപ്രായ പ്രകടനം അനുവദിക്കുന്നതായിരിക്കും ട്വിറ്ററിൽ ഇലോൺ മസ്ക് അവതരിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ മാറ്റം. എന്നാൽ വിദ്വേഷത്തിനും വിഭജനത്തിനും ട്വിറ്റര്‍ വേദിയാകുന്നത് തടയാനും താന്‍ ആഗ്രഹിക്കുന്നതായി മസ്ക് പറഞ്ഞു. അതേസമയം ഇതെല്ലാം എങ്ങനെ നടപ്പിലാക്കും എന്നതിൽ മസ്ക് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

അതിനിടെ ട്വിറ്ററിലെ ഏകദേശം 7,500 ജീവനക്കാർക്ക് ഭീഷണിയായി ജോലിക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ജോലിക്കാരുടെ എണ്ണം 75 ശതമാനം കുറച്ച് 2000 പേരായി ക്രമീകരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ട്വിറ്ററിന് സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മസ്ക് പറഞ്ഞു. ഭാവിയിൽ സാഹചര്യം അനുസരിച്ച് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നും സൂചനയുണ്ട്. കൂടുതൽ പണം സമ്പാദിക്കാനല്ല താൻ ട്വിറ്റർ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ തന്റെ പ്രൊഫൈലിൽ ‘ചീഫ് ട്വിറ്റ്’ എന്ന് മസ്ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. കൈയിൽ പോർസലൈൻ സിങ്കുമായാണ് മസ്ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. ലെറ്റ് ദാറ്റ് സിങ്ക് ഇൻ എന്ന് കുറിച്ച് മസ്ക് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും. വ്യവസായ രംഗത്ത് 'കിച്ചന്‍ സിങ്കിങ്' എന്നൊരു പ്രയോഗമുണ്ട്. ഒരു കമ്പനിയില്‍ പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.


ഏപ്രിൽ നാലിന് 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചതിനുശേഷമുണ്ടായ നിരവധി നാടകീയ സംഭവങ്ങൾക്കാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ മസ്ക് പ്രഖ്യാപിച്ചിരുന്നു.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം. എന്നാൽ ഇതിനെതി​രെ ട്വിറ്റർ ഉടമകൾ കോടതിയിൽ കേസ് നൽകി. തുടർന്ന് ട്വിറ്റര്‍ ഏറ്റെടുക്കല്‍ ഇടപാട് ഒക്ടോബർ 28 നുള്ളിൽ പൂര്‍ത്തിയാക്കണമെന്ന ഡെലവേര്‍ കോടതി ഉത്തരവിട്ടതോടെ ഇടപാട് പൂർത്തിയാക്കുമെന്ന് മസ്ക് അറിയിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.