കോയമ്പത്തൂര്‍ സ്‌ഫോടനം: 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയ്ക്ക് ബന്ധമെന്ന് സൂചന; രണ്ടുപേരെ ചോദ്യം ചെയ്തു

കോയമ്പത്തൂര്‍ സ്‌ഫോടനം: 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയ്ക്ക് ബന്ധമെന്ന് സൂചന; രണ്ടുപേരെ ചോദ്യം ചെയ്തു

ജമിഷാ മുബീന്‍ പല തവണ കേരളത്തിലെത്തിയിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ലക്ഷ്യമിട്ടത് കൂട്ടക്കുരുതി.
കൃത്യമായ ആസൂത്രണം നടന്നിരുന്നെങ്കിലും ഓപ്പറേഷന്‍ എങ്ങനെയോ പാളി.


കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയ്ക്ക് ബന്ധമെന്ന് സംശയം. ഇതേ തുടര്‍ന്ന് സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കൂട്ടക്കുരുതിയാണ് സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായാക്കും.

അതിനിടെ സ്‌ഫോടനം നടത്തിയെന്ന് കരുതുന്ന ജമിഷാ മുബീന്‍ പലതവണ കേരളത്തിലെത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ചികിത്സാ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഇയാള്‍ എത്തിയതെന്ന് സൂചനയുണ്ടെങ്കിലും സംശയം ബാക്കിയാണ്. അതിനാല്‍ കേരളത്തിലെത്തി ആരെയൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തേണ്ടതുണ്ട്.

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിരുന്നെങ്കിലും ഓപ്പറേഷന്‍ എങ്ങനെയോ പാളുകയായിരുന്നു എന്നാണ് കരുതുന്നത്. ഓണ്‍ലൈന്‍ വഴിയാണ് പ്രതികള്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആമസോണിനാേടും ഫ്‌ളിപ്പ് കാര്‍ട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള അഞ്ചു പേരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ആരെല്ലാം ബന്ധപ്പെട്ടു എന്നതിലേക്കാണ് അന്വേഷണം നീളുന്നത്. ഇതിന്റെ ഭാഗമായാണ് രാമനാഥപുരം ജില്ലയിലെ ഏര്‍വാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയിലെ രണ്ടു പേരെ ചോദ്യം ചെയ്തത്.

സംഘടനയുടെ ഭാരവാഹി അബ്ദുള്‍ ഖാദര്‍, മുഹമ്മദ് ഹുസൈന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമിഷ മുബീന്റെ ഭാര്യ നസ്രേത്തിനെയും ഇന്നലെ ചോദ്യം ചെയ്തു.

സംസാരശേഷി കുറവുള്ള ഇവരെ ചിഹ്നഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂരിലെ നിരോധിത സംഘടന അല്‍ ഉമ്മയുടെ പ്രവര്‍ത്തകരും അന്വേഷണ പരിധിയിലുണ്ട്. എന്‍ഐഎയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.