'സമയം വിലപ്പെട്ടത്': ഇന്ന് ലോക പക്ഷാഘാത ദിനം

'സമയം വിലപ്പെട്ടത്': ഇന്ന് ലോക പക്ഷാഘാത ദിനം

ഇന്ന് ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനം. സ്‌ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സ്‌ട്രോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ഓക്സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ആണ് ഒരു വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത് മരണത്തിലേക്ക് വരെ നയിക്കും. ഇന്നത്തെ ജീവിതശൈലിയും ജനിതക മാറ്റവുമെല്ലാം ലോകത്തെ സ്‌ട്രോക്ക് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

55 വയസിനു മുകളിലുള്ള ആളുകള്‍ക്കാണ് സ്‌ട്രോക്കിന് കൂടുതല്‍ സാധ്യതയുള്ളതെങ്കിലും ഇന്ന് യുവാക്കളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. മാറി വരുന്ന ജീവിതശൈലി, ഭക്ഷണം, ചില മരുന്നുകള്‍ എന്നിവയും സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.

എന്താണ് സ്ട്രോക്ക്? പ്രധാന ലക്ഷണങ്ങള്‍ എന്തെല്ലാം?

രക്തക്കുഴലുകള്‍ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോള്‍ സ്‌ട്രോക്ക് സംഭവിക്കാം. ഇതുവഴി തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങള്‍ക്കു നാശം സംഭവിക്കുകയും ചെയ്യും. മുഖത്തോ കൈയിലോ കാലിലോ തളര്‍ച്ച, സംസാരത്തില്‍ കുഴച്ചില്‍ എന്നിവ കണ്ടാല്‍ ഒരാള്‍ക്ക് സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം.

ലോകത്ത് ഓരോ മൂന്നു സെക്കന്‍ഡിലും ഒരാള്‍ക്ക് വീതം സ്‌ട്രോക്ക് വരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 12.2 ദശലക്ഷം സ്‌ട്രോക്ക് കേസുകളാണ് രേഖപ്പെടുത്തുന്നത്. 25 വയസിന് മുകളിലുള്ള നാലില്‍ ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

സ്‌ട്രോക്കിന് അടിയന്തിര ചികിത്സ വളരെ അത്യന്താപേക്ഷിതമാണ്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ രോഗിയ്ക്ക് അടിയന്തര ചികിത്സ നല്‍കേണ്ടതാണ്. ചികിത്സ വൈകുന്തോറും ഓരോ മിനിറ്റിലും രോഗിക്ക് 1.9 ദശലക്ഷം ന്യൂറോണുകളും 13.8 ബില്യണ്‍ സിനാപ്‌സുകളും ഏഴ് ദശലക്ഷം ആക്‌സോണല്‍ ഫൈബറുകളും നഷ്ടപ്പെടുമെന്ന് വിദ്ഗദര്‍ പറയുന്നു.

മസ്തിഷ്‌കത്തിലേയ്ക്കുള്ള രക്തക്കുഴലിനെ തടസപ്പെടുത്തുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണ് സ്ട്രോക്ക്. തലച്ചോറിലെ ഓക്സിജന്റെ അഭാവമാണ് മസ്തിഷ്‌ക കോശങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കുന്നത്. നേരത്തേ ഇത് കണ്ടെത്തിയില്ലെങ്കില്‍ ഈ അവസ്ഥ സ്ഥിരമായ മസ്തിഷ്‌ക ക്ഷതത്തിലേക്കോ രോഗിയുടെ മരണത്തിലേക്കോ വരെ നയിച്ചേക്കാം.

അതേസമയം രക്തം കട്ടപിടിക്കുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പല മരുന്നുകളും സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായും വിദഗ്ധര്‍ പറയുന്നു. ഹോര്‍മോണ്‍ തെറാപ്പി, ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭനിരോധന ഗുളികകളിലെ ഈസ്ട്രജന്‍ സാന്നിധ്യവും പക്ഷാഘാത അപകട സാധ്യത വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

രക്തസമ്മര്‍ദ്ദം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയവ സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല തലച്ചോറിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍

കഠിനമായ തലവേദന, ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും കാലിലും ഉണ്ടാകുന്ന മരവിപ്പ്, തളര്‍ച്ച, സംസാരത്തിലെ കുഴച്ചില്‍, ഓക്കാനം, ഛര്‍ദ്ദി, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, തലകറക്കം, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍.

സ്‌ട്രോക്ക് വന്നാല്‍ ഉടന്‍ ചെയ്യേണ്ടതെന്ത്?

പക്ഷാഘാതം ഉണ്ടാകുമ്പോള്‍ രോഗിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം. അടിയന്തരാവസ്ഥയില്‍ രോഗിയുടെ സിടി സ്‌കാന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം. സ്ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ആദ്യത്തെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്തണം. ഏറ്റവും കൃത്യമായ ചികിത്സ എന്‍ഡോവാസ്‌കുലര്‍ ത്രോംബെക്ടമിയാണ്. ഈ ചികിത്സ തലച്ചോറിലേക്കുള്ള രക്തം ശരിയായ രീതിയില്‍ ഒഴുകാന്‍ സഹായിക്കും. എന്നാല്‍ 2015 മുതല്‍ മെക്കാനിക്കല്‍ ത്രോംബെക്ടമി എന്ന ഒരു പുതിയ ചികിത്സ കൂടി വന്നിട്ടുണ്ട്.

സ്‌ട്രോക്കിനുള്ള ചികിത്സ

രക്തം കട്ടപിടിക്കുന്നതിനും തലച്ചോറിലേക്കുള്ള രക്തയോട്ടം പുനസ്ഥാപിക്കുന്നതിനുമായി കുത്തിവയ്ക്കുന്ന ആള്‍ട്ടെപ്ലേസ് അല്ലെങ്കില്‍ ടെനെക്ടെപ്ലേസ് എന്ന ക്ലോട്ട്-ബസ്റ്റര്‍ മരുന്ന് ഉപയോഗിക്കുന്ന ചികിത്സാ രീതിയാണ് ത്രോംബോളിസിസില്‍ ഉള്‍പ്പെടുന്നത്. കൂടാതെ സിരയില്‍ നിന്നോ ധമനികളില്‍ നിന്നോ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യുന്ന ചികിത്സാ രീതിയാണ് ത്രോംബെക്ടമി.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ടോ കൊളസ്‌ട്രോള്‍ മൂലമോ ഉണ്ടാകുന്ന സ്‌ട്രോക്ക് തടയുന്നതിന് ആസ്പിരിന്‍, മറ്റ് ആന്റി പ്ലേറ്റ്‌ലെറ്റുകള്‍, സ്റ്റാറ്റിന്‍സ്, രക്തസമ്മര്‍ദ്ദ മരുന്നുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ഫാറ്റി പ്ലാക്ക് അമിതമായി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ഫാറ്റ് ഡിപ്പോസിറ്റുകള്‍ നീക്കം ചെയ്യുന്നതിനായി കരോട്ടിഡ് എന്‍ഡാര്‍ട്ടറെക്ടമി നടത്തും. അതേസമയം രക്തക്കുഴലുകള്‍ പൊട്ടുന്ന സാഹചര്യമുണ്ടായാല്‍ തലച്ചോറിലെ രക്തം നീക്കം ചെയ്യാന്‍ ചെയ്യുന്ന ശസ്ത്രക്രിയയാണ് ക്രാനിയോടോമി.

മൂന്നു തരത്തിലുള്ള സ്‌ട്രോക്കുകള്‍

പ്രധാനമായും മൂന്ന് തരത്തിലുള്ള സ്‌ട്രോക്കുകള്‍ ഉണ്ട്. ആദ്യം ഹൃദയത്തില്‍ നിന്നോ മറ്റെവിടെയെങ്കിലുമോ രക്തം കട്ടപിടിച്ച് പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. തുടര്‍ന്ന് കട്ടപിടിച്ച രക്തം രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുന്നു. ആ ഭാഗത്തെ രക്തപ്രവാഹം കുറക്കുന്നു. ഈ അവസ്ഥയാണ് ഇസ്‌കെമിക് സ്‌ട്രോക്ക് എന്ന് അറിയപ്പെടുന്നത്.

തലച്ചോറില്‍ ധാരാളം രക്തം തങ്ങി നിന്നാല്‍ അത് രക്തക്കുഴലുകള്‍ പൊട്ടുന്നതിന് ഇടയാക്കും. ഈ അവസ്ഥയാണ് ഹെമറാജിക് സ്‌ട്രോക്ക്. കൈകളിലോ കാലുകളിലോ മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, മുഖത്ത് നീര്‍വീക്കം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇസ്‌കീമിക് സ്‌ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന പക്ഷാഘാതം ആണ് മറ്റൊന്ന്. പക്ഷാഘാതങ്ങളില്‍ ഏറിയ പങ്കും ഇസ്‌കീമിക് സ്‌ട്രോക്ക് ആണ്.

സ്‌ട്രോക്ക് സാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍

മദ്യപാനം കുറയ്ക്കുക, ഭാരം കുറക്കുക, പുകവലി ഒഴിവാക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുക എന്നിവയെല്ലാം സ്‌ട്രോക്കിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ സ്‌ട്രോക്ക് അതിജീവിച്ചവരില്‍ 25% പേര്‍ക്കും വീണ്ടും മറ്റൊരു സ്‌ട്രോക്കിനുള്ള സാധ്യത കാണപ്പെടുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.