അരി വില കുതിക്കുന്നു; അനക്കമില്ലാതെ സര്‍ക്കാര്‍: എല്ലാ വിഭാഗം അരിക്കും ഇരട്ടിയോളം വില വര്‍ധന

അരി വില കുതിക്കുന്നു; അനക്കമില്ലാതെ സര്‍ക്കാര്‍: എല്ലാ വിഭാഗം അരിക്കും ഇരട്ടിയോളം വില വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ അരിയുടെ വില കുതിക്കുന്നു. നാലു മാസം കൊണ്ട് വില ഇരട്ടിയോളം വര്‍ധിച്ചിട്ടും സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുന്നില്ല.

കഴിഞ്ഞ ജൂലൈ ഓഗസ്റ്റ് മുതല്‍ ഉയര്‍ന്നു തുടങ്ങിയ വില വീണ്ടും കൂടുകയാണ്. മട്ട വടി , ജയ, സുരേഖ എന്നിവയാണ് കേരളത്തില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. കഴിഞ്ഞ ജൂലൈയില്‍ കിലോയ്ക്ക് 36 രൂപയുണ്ടായിരുന്ന മട്ട വടി അരിക്ക് നിലവില്‍ 60 രൂപയാണ് വില.

പല ബ്രാന്‍ഡ് അരിക്കും 56 മുതല്‍ 60 രൂപ വരെയാണ് വില. കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെയാണ് കൂടിയത്. മുന്‍ കാലങ്ങളിലൊന്നും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വില ഇത്ര കൂടിയിട്ടില്ല.

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് വാങ്ങാന്‍ ആളില്ലാതെ കര്‍ഷകരുടെ കളപ്പുരകളില്‍ കെട്ടിക്കിടന്ന് നശിക്കുമ്പോള്‍ കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം അരിക്കായി ആശ്രയിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം ഈ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രധാന ഭക്ഷ്യേല്‍പാദക രാജ്യമായ ഉക്രെയ്‌നിലെ യുദ്ധവും വില വര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്. ഇനി ജനുവരിയിലാണ് പുതിയ വിളപ്പെടുപ്പിന്റെ ഭാഗമായി അരി കൂടുതലായി വിപണിയില്‍ എത്തുകയുള്ളൂ. തുടര്‍ന്ന് അല്‍പം വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍, ഒരിക്കല്‍ ഉയര്‍ന്ന വില കുറഞ്ഞുവരിക അത്ര വേഗത്തിലാകില്ലെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ നാല് മാസത്തിനിടെ ബസ്മതി അരി കിലോയ്ക്ക് എട്ടു മുതല്‍ പത്തുരൂപവരെ കൂടിയിട്ടുണ്ട്. മറ്റൊരു പ്രധാന ഭക്ഷ്യവസ്തുവായ ഗോതമ്പിനും ആട്ടയ്ക്കും മൈദയ്ക്കും വില കൂടി. ഇവയ്ക്ക് പൊതുവായി കിലോയ്ക്ക് പത്തു രൂപയോളം വര്‍ധിച്ചിട്ടുണ്ട്. അതേ സമയം റേഷന്‍ ആട്ട കഴിഞ്ഞ അഞ്ചുമാസമായി വിതരണമില്ല. നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള വിതരണമാണ് നിര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.