കൊച്ചിയില്‍ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ്; സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു; അഞ്ചു പേര്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ്; സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു; അഞ്ചു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ്. കോതമംഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇവിടെ നിന്ന് കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം കഞ്ചാവ് നല്‍കിയിരുന്നുവെന്ന് എക്‌സൈസ് സംഘം പറയുന്നു. എക്‌സൈസ് സംഘത്തെ വെട്ടിച്ച് ലഹരിസംഘത്തിലെ പ്രധാനിയും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു

എക്‌സൈസ് സംഘം ഇവിടെയെത്തുമ്പോള്‍ ഓഫീസിനകത്ത് അഞ്ച് യുവാക്കള്‍ ഉണ്ടായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീര്‍, കുത്തുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഇവരും ലഹരിക്ക് അടിമകളാണെന്ന് എക്‌സൈസിന് ബോധ്യപ്പെട്ടു. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.

സുരക്ഷാ ജീവനക്കാരന്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്നു. എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയതിന് പിന്നാലെയാണ് ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജുവാണ് രക്ഷപ്പെട്ടത്. ഇയാള്‍ ലഹരി സംഘത്തിലെ അംഗമാണെന്ന് എക്‌സൈസ് പറയുന്നു. പ്രദേശത്ത് വാഹനത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന യാസീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയും കഞ്ചാവ് എത്തിച്ചിരുന്നത്. ഇയാളും ഓടി രക്ഷപ്പെട്ടു.

കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെഎ നിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിസിടിവി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

ലഹരിക്കെതിരെ സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന ഈ സംഭവം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.