വടക്കഞ്ചേരി അപകടം; കെ.എസ്.ആര്‍.ടി.സി ഡ്രൈവർക്കും വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

വടക്കഞ്ചേരി അപകടം; കെ.എസ്.ആര്‍.ടി.സി ഡ്രൈവർക്കും വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയില്‍വച്ച് കെ.എസ്.ആര്‍.ടി.സി ബസിനു പിന്നിലിടിച്ച് ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. അമിത വേഗത്തിലായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡില്‍ നിര്‍ത്തുകയും ചെയ്തത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് നാറ്റ്പാക് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ്  ഡ്രൈവര്‍ തന്നെയാണ്. കെ.എസ്.ആര്‍.ടി.സി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. വേഗത്തില്‍ പോകേണ്ട ട്രാക്കിലൂടെ കാര്‍ സഞ്ചരിച്ചത് 50 കിലോമീറ്റര്‍ വേഗതയിലാണ്. ദേശീയപാതയില്‍ വഴിവിളക്കുകളും റിഫ്‌ളെക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പിഴവും അപകടത്തിനു കാരണമായതായി മുന്‍പേ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റ്പാക് റിപ്പോര്‍ട്ടിലും അദ്ദേഹത്തിനെതിരെ പരാമര്‍ശം വന്നത്. അപകടത്തിനു തൊട്ടുമുന്‍പ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ് ഓടിയിരുന്നത് എന്ന് ജി.പി.എസ് അടിസ്ഥാനമാക്കി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അതിനേക്കാള്‍ വേഗതയിലാകും ടൂറിസ്റ്റ് ബസിനു മുന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സഞ്ചരിച്ചിരുന്നത് എന്നാണ് കണ്ടെത്തല്‍. 

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതും അപകടത്തിനു കാരണമായെന്നാണ് റിപ്പോര്‍ട്ട്. ഇടതുവശത്തേക്കു ചേര്‍ത്ത് നിര്‍ത്തുന്നതിനു പകരം ഏതാണ്ട് റോഡിനു നടുവിലാണ് ബസ് നിര്‍ത്തിയത്. ഇരു ബസുകള്‍ക്കും ഇടയിലുണ്ടായിരുന്ന കാറിന്റെ വേഗത കുറവായിരുന്നതും അപകടത്തിനു കാരണമായെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.