ഷാരോണ്‍ വധം; ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയത് കൊല്ലാന്‍ ലക്ഷ്യമിട്ട് തന്നെയെന്ന് എഡിജിപി; ജാതകദോഷക്കഥ ഒഴിവാക്കാനുള്ള തന്ത്രം

ഷാരോണ്‍ വധം; ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയത് കൊല്ലാന്‍ ലക്ഷ്യമിട്ട് തന്നെയെന്ന് എഡിജിപി; ജാതകദോഷക്കഥ ഒഴിവാക്കാനുള്ള തന്ത്രം

 തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ വനിതാ സുഹൃത്തായ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് എഡിജിപി അജിത് കുമാര്‍. ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി ചേര്‍ത്തു നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മ മൊഴി നല്‍കിയതായി എഡിജിപി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങളും ഗ്രീഷ്മയെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 

ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബന്ധം തകരുകയും മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബന്ധത്തില്‍നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കി സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ പല വഴികള്‍ നോക്കിയെങ്കിലും അതൊന്നും നടന്നില്ല. പല കഥകള്‍ പറഞ്ഞു നോക്കി. ജാതകത്തിന്റെ കാര്യവും പറഞ്ഞു നോക്കി. ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് എഡിജിപി പറഞ്ഞു. 

ഗ്രീഷ്മ പതിവായി കഴിക്കുന്ന കഷായം കുടിച്ചിറക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഗ്രീഷ്മ പറയുമ്പോള്‍ ഷാരോണ്‍ കളിയാക്കുമായിരുന്നു. താന്‍ കഴിച്ചു കാണിച്ചു തരാമെന്നു പറഞ്ഞാണ് ഷാരോണ്‍ കഷായം കുടിച്ചത്. ഗ്രീഷ്മയുടെ അമ്മയ്ക്കായി വീട്ടില്‍ത്തന്നെ ഉണ്ടാക്കിയ ഒരു കഷായത്തിലാണ് കീടനാശിനി കലക്കി കൊടുത്തത്. റബര്‍ കൃഷിക്ക് ഉപയോഗിക്കുന്ന ക്യാപിക് എന്ന കീടനാശിനിയാണ് കലക്കിയത്. കഷായം നേരത്തെ തന്നെ ഉണ്ടാക്കി വച്ചിരുന്നു. ഷാരോണ്‍ ബാത്‌റൂമില്‍ പോയപ്പോഴാണ് കീടനാശിനി കലക്കിയത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ.

ഇരുവരും തമ്മില്‍ വിവാഹം നടന്നതായി മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും എഡിജിപി വെളിപ്പെടുത്തി. പള്ളിയില്‍ പോയി സിന്ദൂരം ചാര്‍ത്തിയതായി മാത്രമാണ് പറഞ്ഞത്. മുന്‍പും രണ്ടു വട്ടം ഷാരോണ്‍ ഛര്‍ദ്ദിച്ചതായി പറയുന്നുണ്ടെങ്കിലും അതില്‍ ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമല്ലെന്നും എഡിജിപി പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണിതെന്നും ശാസ്ത്രീയ അന്വേഷണത്തിലെ കൂടുതല്‍ കാര്യങ്ങള്‍ തെളിയുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്‌തെങ്കിലും കേസില്‍ പ്രതി ചേര്‍ക്കാന്‍ തക്ക വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഗ്രീഷ്മയെ ചോദ്യം ചെയ്ത ശേഷമാണ് മാതാപിതാക്കളെയും ചോദ്യം ചെയ്തത്. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് െ്രെകംബ്രാഞ്ച് സംഘം ഗ്രീഷ്മയെ ചോദ്യം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.