ഗുജറാത്തില്‍ നാല് ദിവസം മുന്‍പ് തുറന്നുകൊടുത്ത തൂക്കുപാലം തകര്‍ന്ന് വന്‍ അപടകം: മരണം 60 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗുജറാത്തില്‍ നാല് ദിവസം മുന്‍പ് തുറന്നുകൊടുത്ത തൂക്കുപാലം തകര്‍ന്ന് വന്‍ അപടകം: മരണം 60 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നാല് ദിവസം മുന്‍പ് തുറന്നുകൊടുത്ത ചരിത്രപ്രസിദ്ധമായ തൂക്കുപാലം തകര്‍ന്ന് വീണ് വന്‍ അപകടം. മോര്‍ബിയിലെ മച്ഛു നദിയ്ക്കു കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. മരണം 60 കടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെ പേര്‍ വെള്ളത്തില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ഞായറാഴ്ച വൈകിട്ട് 6.30നാണ് തൂക്കുപാലം തകര്‍ന്നു വീണത്. തലസ്ഥാന നഗരമായ അഹമ്മദാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മോര്‍ബിയിലാണ് സംഭവം. അപകട സമയം പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട മോര്‍ബിയിലെ തൂക്കുപാലം ചരിത്രനിര്‍മിതി എന്ന നിലയില്‍ ഏറെ പ്രസിദ്ധമാണ്. പുനുരുദ്ധാരണത്തിനു ശേഷം നാലുദിവസം മുന്‍പ് ഒക്ടോബര്‍ 26ന് ഗുജറാത്ത് പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഇത് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതവും നല്‍കും. 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ട്വിറ്ററിലൂടെ ധനസഹായം പ്രഖ്യാപിച്ചത്. ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയ മുഖ്യമന്ത്രി മോര്‍ബിയിലേക്കു തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് താന്‍ നേരിട്ടു നേതൃത്വം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

അപകടത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സങ്ഗ്‌വി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. അപകടം നടന്ന് 15 മിനിറ്റിനുള്ളില്‍ അഗ്‌നിരക്ഷാ സേന, ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ സ്ഥലത്തെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.