തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലപാതക കേസിലെ പ്രതിയും പെണ്‍സുഹൃത്തുമായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റ് നടപടികൾക്ക് ശേഷം ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനും തെളിവെടുക്കലിനുമായി ഗ്രീഷ്മയെ വൈകാതെ കസ്റ്റഡിയിൽ വാങ്ങും.
ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്റെ കൊലപതാകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും.
കുറ്റകൃത്യത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇന്നലെ ഗ്രീഷ്മയെ ചോദ്യം ചെയ്ത ശേഷം മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. കഷായത്തിൽ ചേർത്ത വിഷം ആര് വാങ്ങി എന്നതാണ് കേസിൽ കൂടുതൽ പങ്കാളികൾ ഉണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
വിദ്യാർത്ഥിനിയായ 22കാരി നടത്തിയ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് കേരളം. കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് ഗ്രീഷ്മ തന്‍റെ സുഹൃത്തിനെ എന്നേന്നേക്കുമായി ഇല്ലാതാക്കിയത്. പക്ഷേ ഷാരോണിനെ ഒഴിവാക്കാൻ മെനഞ്ഞെടുത്ത അന്ധവിശ്വാസ കഥകൾ തന്നെ ഗ്രീഷ്മയ്ക്ക് വിനയായി.
ഷാരോണിനെ ഒഴിവാക്കാന്‍ പല വഴികള്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. ഇതിനുള്ള തിരക്കഥ തയ്യാറാക്കിയത് ഒറ്റയ്ക്കാണെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസ് ഇത് മുഴുവനായി വിശ്വസിച്ചിട്ടില്ല. തുടരന്വേഷണത്തില്‍ ഇനിയും അഴിയാന്‍ ചുരുളുകളുണ്ടാവാമെന്നും പൊലീസ് കരുതുന്നു. ഗ്രീഷ്മയ്ക്ക് മാത്രമല്ല ഇതില്‍ പങ്കെന്ന് ഷാരോണിന്റെ മാതാപിതാക്കളും വിശ്വസിക്കുന്നു.
ജാതകദോഷമുണ്ടെന്നും ആദ്യഭര്‍ത്താവ് നവംബറിന് മുമ്പ് മരിക്കുമെന്നു കഥയുണ്ടാക്കിയതും ഷാരോണിനെ ഒഴിവാക്കാനായിരുന്നു. എന്നാല്‍ ഇതൊക്കെ ഷാരോണ്‍ നിസാരമായി കരുതുകയായിരുന്നു. ഒരുവര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. എന്നിട്ടും ഷാരോണ്‍ പിന്നാലെ വന്നതുകൊണ്ടാണ് വിളിച്ചുവരുത്തി വിഷം കൊടുത്തത്. കഷായത്തിന് കയ്പാണെന്ന് പറഞ്ഞപ്പോള്‍ ജ്യൂസും നല്‍കി. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിച്ചു. ഒരു സുഹൃത്തിനൊപ്പമാണ് ഗ്രീഷ്മയുടെ വീട്ടില്‍ ചെന്നത്. അവശനായാണ് അവിടെ നിന്നും മടങ്ങിയത്.
മുമ്പും പലതവണ ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ച് ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗ്രീഷ്മ പൊലീസിനോട് നിഷേധിച്ചു. കല്യാണം നടന്നുവെന്നതും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഷാരോണ്‍ സിന്ദൂരം ചാര്‍ത്തിയതായി ഗ്രീഷ്മ സമ്മതിച്ചു. പള്ളിയില്‍ വിവാഹം നടന്നതായി ബന്ധുക്കള്‍ പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.