തിരുവനന്തപുരം: പ്രമുഖ പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് സ്വീഡനിലേക്ക്. ദൗത്യം പാമ്പു പിടുത്തം തന്നെ. സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക് ഹോമിലെ മൃഗശാലയില്‍ നിന്ന് ഉഗ്ര വിഷമുള്ള ഒരു രാജവെമ്പാല പുറത്തു ചാടിയിട്ടുണ്ട്. അതിനെ കണ്ടെത്തി കൂട്ടിലാക്കണം.
ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നും വാവ സുരേഷിനെ തേടി സന്ദേശമെത്തി. സ്വീഡന്‍ സര്‍ക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വാവ സുരേഷിനെ കൊണ്ടു പോകാന്‍ സ്വീഡനില്‍ നിന്നുള്ള പ്രത്യേക വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപകരണങ്ങളില്ലാതെ വെറും കൈ ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്ന വാവ സുരേഷിന്റെ വീഡിയോ ദൃശ്യങ്ങളാണ് സ്വീഡിഷ് സര്‍ക്കാരിന് പ്രചോദനമായത്. വാവ സുരേഷ് കേരളീയനായതിനാല്‍ സ്‌പെയിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ വഴി അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനോട് സംസാരിക്കുകയായിരുന്നു.
അതുവഴി വാവയുടെ ഫോണ്‍ നമ്പര്‍ എടുത്താണ് ബന്ധപ്പെടുന്നത്. ഏതു നിമിഷവും സ്വീഡനിലേക്ക് പറക്കേണ്ടി വരുമെന്നും തയ്യാറായി ഇരുന്നുകൊള്ളാനും നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള കോളായിരുന്നു വാവ സുരേഷിനെ തേടിയെത്തിയത്.
സ്വീഡിനിലെ 22 ശതമാനം ജനങ്ങളും അധിവസിക്കുന്നത് തലസ്ഥാന നഗരിയായ സ്റ്റോക് ഹോമിലാണ്. അവിടത്തെ മൃഗശാലയില്‍ നിന്ന് ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്നാണ് അധികൃതരുടെ നിഗമനം. തണുപ്പു കാലത്തിനു മുമ്പ് പാമ്പിനെ പിടികൂടാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. തണുപ്പു കാലം തുടങ്ങിയതിനാല്‍ പാമ്പിനെ പിടിക്കുക പ്രയാസമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
രാജവെമ്പാല രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറെ പരിഭ്രാന്തരാണ്. പാമ്പിനെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് വാവ സുരേഷിലേക്ക് അന്വേഷണമെത്താന്‍ ഇടയാക്കിയത്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താന്‍ മൃഗശാല അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇന്റര്‍നെറ്റിലൂടെ വാവ സുരേഷിനെക്കുറിച്ച് അറിഞ്ഞതും അധികൃതര്‍ അദ്ദേഹത്തെ ബന്ധപ്പെട്ടതും. അതേസമയം യൂറോപ്യനായ മറ്റൊരു പാമ്പു പിടിത്തക്കാരന്റെ വിവരങ്ങളും അവര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഉപകരണം ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്ന യൂറോപ്യനേക്കാള്‍ പാമ്പിന്റെ സാന്നിധ്യം മനസിലാക്കി പ്രവര്‍ത്തിക്കുന്ന വാവ സുരേഷിനായിരിക്കും സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.