ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായി തെളിവെടുപ്പ്; കാട്ടിലെറിഞ്ഞ വിഷക്കുപ്പി കണ്ടെടുത്തു

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായി തെളിവെടുപ്പ്; കാട്ടിലെറിഞ്ഞ വിഷക്കുപ്പി കണ്ടെടുത്തു

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്തുള്ള   രാമവര്‍മന്‍ചിറയ്ക്ക് സമീപത്തുള്ള കാട്ടില്‍ നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറുമായി ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്. ഇയാള്‍ തന്നെ കുപ്പി ഉപേക്ഷിച്ച സ്ഥലം പോലീസിന് കാണിച്ചു നല്‍കുകയും ഇവിടെ നിന്ന് പച്ച അടപ്പുള്ള വെളുത്ത നിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയുമായിരുന്നു.

തെളിവെടുപ്പില്‍ കണ്ടെടുത്ത കുപ്പി രാസ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടില്‍ പോകുമെന്നും വീട് തുറന്നുള്ള പരിശോധന ഇന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. പ്രതികളുമായി രാവിലെ തിരുവനന്തപുരത്തു നിന്ന് യാത്ര തിരിച്ച പോലീസ് സംഘം ആദ്യം പാറശാല പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു.

കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറയിലാണ്. അതിനാലാണ് പോലീസ് സംഘം പ്രതികളുമായി തമിഴ്നാട്ടിലെ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം അന്വേഷണ സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവര്‍മന്‍ചിറയിലേക്ക് പോവുകയായിരുന്നു.

പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിയാളുകളാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചു കൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കേരള പോലീസും തമിഴ്നാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.