പെട്രോൾ കാറുകൾ ഇലക്ട്രിക് വാഹനങ്ങൾ ആക്കാൻ മെൽബൺ കേന്ദ്രീകരിച്ച് പുതിയ കമ്പനി; ജോണ്ട് മോട്ടോർസും ബ്രിട്ടീഷ് കമ്പനിയും ലയിക്കുന്നു; അടുത്ത വർഷം നൂറിലേറെ കാറുകൾ

പെട്രോൾ കാറുകൾ ഇലക്ട്രിക് വാഹനങ്ങൾ ആക്കാൻ മെൽബൺ കേന്ദ്രീകരിച്ച് പുതിയ കമ്പനി; ജോണ്ട് മോട്ടോർസും ബ്രിട്ടീഷ് കമ്പനിയും ലയിക്കുന്നു; അടുത്ത വർഷം നൂറിലേറെ കാറുകൾ

മെൽബൺ: പെട്രോൾ കാറുകൾ ഇലക്ട്രിക് വാഹനങ്ങൾ ആക്കിമാറ്റാനുള്ള സാങ്കേതിക വിദ്യയുമായി മെൽബൺ കേന്ദ്രീകരിച്ച് പുതിയ കമ്പനിയായ ഫെൽട്ടൻ നിലവിൽ വന്നു. ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന കൺവേർഷൻ സ്റ്റാർട്ടപ്പ് ജോണ്ട് മോട്ടോർസ്‌ ബ്രിട്ടീഷ് കമ്പനിയായ സീറോ ഇ വിയുമായി സംയോജിച്ചാണ് പുതിയ കമ്പനി രൂപീകൃതമായത്.

അടുത്ത വർഷം നൂറുകണക്കിന് വാഹനങ്ങൾ പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. ഓസ്‌ട്രേലിയ കൂടാതെ ബ്രിട്ടൻ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്ന സ്ഥാപനം പോർഷെ 911, മിനി കൂപ്പറുകൾ, ലാൻഡ് റോവറുകൾ, ലാൻഡ് റോവർ ഡിഫൻഡറുകൾ എന്നീ വാഹനങ്ങൾ ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും.

പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ ആക്കിമാറ്റാനുള്ള സാങ്കേതിക വിദ്യ പലർക്കും അറിയില്ലെന്നും ആ സാധ്യതയിലേക്കാണ് കമ്പനി കടന്ന് വരുന്നതെന്നും അധികൃതർ വിശദീകരിച്ചു. ലയനം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ കൺവേർഷൻ കമ്പനികളിലൊന്നായി ജോണ്ട് മോട്ടോർസ് മാറും.

കൂടുതൽ ക്ലാസിക് കാറുകളെ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച് മാറ്റുക മാത്രമല്ല സ്ഥാപനങ്ങളുടെ ലയനം കാർ ഉടമകളെയും മെക്കാനിക്കുകളെയും സ്വിച്ചുചെയ്യാൻ സഹായിക്കുന്നുവെന്ന് ജോണ്ട് മോട്ടോർസിന്റെ സഹസ്ഥാപകനായ ഡേവ് ബഡ്ജ് പറഞ്ഞു. അടുത്ത വർഷവും അതിനുശേഷവും നൂറുകണക്കിന് വാഹനങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ ആക്കിമാറ്റാൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ലെന്നും ആളുകൾക്ക് ഇക്കാര്യത്തിൽ അവബോധം ആവശ്യമാണെന്നും ഡേവ് ബഡ്ജ് പറഞ്ഞു.

വാഹനങ്ങൾ വൈദ്യുതീകരിക്കുന്നതിനായി വർദ്ധിച്ചുവരുന്ന ആഗോള ആവശ്യകതയുടെ ഭാഗമാകാൻ സാങ്കേതികവിദ്യയും ഉപകരണങ്ങളും പരിശീലനവും പുതിയ കമ്പനി മെക്കാനിക്കുകൾക്കും വിഷയത്തിൽ താൽപ്പര്യമുള്ളവർക്കും നൽകുമെന്ന് സീറോ ഇ വിയുടെ സഹസ്ഥാപകൻ ക്രിസ് ഹേസൽ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ലോകത്തിന്റെ ഇരുവശങ്ങളിലായി പ്രവർത്തിക്കുന്ന രണ്ട് കൂട്ടർ വർഷങ്ങളായി പങ്കിട്ട ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈ ലയനമെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ വരെ ഓസ്ട്രേലിയയിലെ പുതിയ കാർ വിൽപ്പനയുടെ 3.39% മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ വിറ്റുപോകുന്നത്. എന്നാൽ പോർഷെ 911 എസ്, മിനി കൂപ്പേഴ്സ്, ലാൻഡ് റോവർ, ലാൻഡ് റോവർ ഡിഫൻഡർ വാഹനങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ള പെട്രോൾ വാഹനങ്ങളെ പുതിയ കമ്പനി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും.

ഓസ്ട്രേലിയയിൽ ഈ സ്ഥാപനത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ഇതിനകം തന്നെ 2024 വരെയുള്ള സേവനത്തിനുള്ള ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. തങ്ങളുടെ വാഹനങ്ങൾക്ക് പുതുജീവൻ നൽകാൻ ആഗ്രഹിക്കുന്ന ലാൻഡ് റോവർ പ്രേമികളാണ് നിലവിലെ ഉപയോക്താക്കളിൽ കൂടുതലെന്നും ബഡ്ജ് പറഞ്ഞു.

ഓസ്‌ട്രേലിയയിലെ വിപണിയിൽ ഒരു യഥാർത്ഥ ഫുൾ-ഡ്രൈവ് ഇലക്ട്രിക് വാഹനം ലഭ്യമല്ല. ഇലക്ട്രിക്ക് വാഹനത്തിലേക്കുള്ള പരിവർത്തനം അല്പം ചെലവേറിയതാണ്. ഒരു ലാൻഡ് റോവർ പരിവർത്തനം ചെയ്യുന്നതിന് സാധാരണയായി 1,25,000 ഡോളർ ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു.

4 വീൽ ഡ്രൈവിനോടുള്ള (4WD) ഇഷ്ടവും ഓസ്‌ട്രേലിയയിൽ ഇ വി ഏറ്റെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഭിനിവേശവും കാരണം മാർട്ടിൻ ബർഗറും ഡേവ് ബഡ്ജും ചേർന്നാണ് 2018-ൽ ജോണ്ട് മോട്ടോർസ് സ്ഥാപിച്ചത്. ഇരുവരും ചേർന്ന് ആപ്പിൾ ഐപാഡുകളും ഐഫോണുകളും ഷാപ്ര 3 ഡി (Shapr3D), പ്രോക്രീയേറ്റ് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വാഹനങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ക്രിയേറ്റീവ് വഴികൾ വികസിപ്പിച്ചെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.