ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്തു; ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്തു; ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീട് പൊലീസ് സീല്‍ ചെയ്തു. കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവരെ കന്യാകുമാരിയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്ന് പ്ലാസ്റ്റിക് കുപ്പിയും കീടനാശിനിയുടെ ലേബലും കണ്ടെത്തുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് രണ്ട് പ്രതികളെയും പൊലീസ് വീട്ടിലെത്തിച്ചത്. വീടിനടുത്തുള്ള കുളത്തിനടുത്തേക്കാണ് നിര്‍മലിനെ ആദ്യം കൊണ്ടു പോയത്. മരുമകള്‍ ഷാരോണിന് കലര്‍ത്തിക്കൊടുത്ത കീടനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

കുപ്പി കണ്ടെടുത്തതിന് പിന്നാലെ പ്രതികളെ വീടിന്റെ പിറകുവശത്തേക്ക് കൊണ്ടു പോയി. ഇവിടെ നിന്നാണ് കീടനാശിനിയുടെ ലേബല്‍ കണ്ടെത്തിയത്. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൂന്ന് മണിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മുഖ്യപ്രതിയായ ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരാത്തതിനാല്‍ വീടിനകത്ത് ഇന്ന് പരിശോധന നടത്തിയില്ല. കീടനാശിനിയുമായി പ്രതി പോയ സ്‌കൂട്ടറും അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗ്രീഷ്മയുടെ അച്ഛന് കൊലപാതകം സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സൈനികനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കാമുകനായ ഷാരോണിനെ വകവരുത്തിയത്. ആത്മഹത്യാ ഭീഷണിയടക്കം മുഴക്കിയിട്ടും ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാത്തതും ഇയാളുടെ കൈവശമുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പ്രതിശ്രുത വരന് നല്‍കുമോ എന്ന പേടിയുമാണ് അരുംകൊലയ്ക്ക് പിന്നിലെന്ന് 
അന്വേഷണത്തില്‍ വ്യക്തമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.