തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദ പ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.
ഇതിന്റെ സിഡി സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയേണ്ടതുണ്ട് എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ ഏഴ് ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
പാറശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്ഐആറിൽ പറയുന്നത്. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വെച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു.
കേസിൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീട്ടിൽ വന്നു എന്നത് ശരിയാണ്. ഗ്രീഷ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ലെന്നും മരണത്തിനിടയാക്കിയ വിഷം ഷാരോൺ കൊണ്ടുവരാൻ സാധ്യതയില്ലേയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അല്ലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു.
ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഷാരോൺ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി. വിഷയത്തിൽ ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും ഗ്രീഷ്മയെ ക്രിമിനലാക്കുന്ന പെരുമാറ്റം ഷാരോണിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നും അഭിഭാഷകൻ പറഞ്ഞു.
നിലവിൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശം ഒരു തെളിവുപോലുമില്ല. തെളിവ് കണ്ടെത്താനെന്ന പേരിൽ തെളിവുണ്ടാക്കാനാണ് ഏഴ് ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.
കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും രാവിലെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മ ആശുപത്രി വിട്ടത്. പൊലീസ് സ്റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്തതോടെ പ്രതിയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയിരുന്നു.
അതേസമയം കേസിൽ കേരളാ പൊലീസ് വീണ്ടും നിയമോപദേശം തേടും. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി നിയമോപദേശം തേടുന്നത്. കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.