ഗുവാഹട്ടി: തുടര്‍ച്ചയായ മൂന്നു തോല്‍വികളിലെ നിരാശയില്‍ നിന്ന് ഗുവഹാത്തിയിലെ പുല്‍മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. മലയാളി താരം സഹലിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മിന്നും ജയം സ്വന്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ദിമിത്രിയോസും ഗോള്‍ നേടി.
ആദ്യ പകുതിയിലെ താളമില്ലാത്ത 45 മിനിറ്റുകള്‍ ആരാധകര്‍ക്ക് നിരാശ മാത്രമാണ് നല്‍കിയത്. ജെസലിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി അഡ്രിയാന്‍ ലൂണയെ നായകനായി അവരോധിച്ചതിന്റെ ഗുണം രണ്ടാം പകുതിയില്‍ ടീമിലുണ്ടായി. കൂടുതല്‍ ഉണര്‍ന്നു കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. കെ.പി. രാഹുല്‍ തുടങ്ങി വച്ച ഗംഭീര നീക്കമാണ് ദിമിത്രിയോസിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളിന് വഴിയൊരുക്കിയത്.
ജയിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ആകര്‍ഷകമായ കളിശൈലിയിലേക്ക് തിരിച്ചെത്താന്‍ ഈ മത്സരത്തിലും മഞ്ഞപ്പടയ്ക്കായില്ല. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള കോംബോ ഇതുവരെ വര്‍ക്ക് ചെയ്തു തുടങ്ങിയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരവും.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള നോര്‍ത്ത് ഈസ്റ്റിനെതിരായ ജയം ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെ അത്രയൊന്നും തൃപ്തിപ്പെടുത്തുന്നില്ല. ശരിയായ ടീം ലൈനപ്പ് കിട്ടാതെ ഉഴലുന്ന കോച്ച് വലിയ മാറ്റങ്ങളിലൂടെ കളിക്കാരെ പരീക്ഷിക്കുന്നതിനും നോര്‍ത്ത് ഈസ്റ്റിനെതിരായ പോരാട്ടം സാക്ഷ്യം വഹിച്ചു. ഇനി വലിയ പോരാട്ടങ്ങള്‍ വരാനിരിക്കെ ഈ ജയം ടീമിന്റെ മനോബലം ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചു കളിയില്‍ നിന്ന് ആറു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാര്‍ക്ക് പ്ലേഓഫ് സാധ്യത ഉള്ളതിനാല്‍ അപകടകരമായ പൊസിഷനിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ പോയിട്ടില്ല. അഞ്ചില്‍ നാലിലും ജയിച്ച ഹൈദരാബാദ് 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.