തുടർഭരണമെങ്കിൽ ഹിമാചലിൽ ഏകീകൃത സിവിൽ കോഡ്: ബിജെപിയുടെ നിർണായക പ്രഖ്യാപനം; പ്രകടനപത്രികയിൽ 11 വാ​​ഗ്​ദാനങ്ങൾ

തുടർഭരണമെങ്കിൽ ഹിമാചലിൽ ഏകീകൃത സിവിൽ കോഡ്: ബിജെപിയുടെ നിർണായക പ്രഖ്യാപനം; പ്രകടനപത്രികയിൽ 11 വാ​​ഗ്​ദാനങ്ങൾ

ഷിംല: ​ഹിമാചൽപ്രദേശിൽ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നു പ്രകടനപത്രികയിൽ ബിജെപിയുടെ വാഗ്‌ദാനം. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ നിയോഗിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഷിംലയിൽ നടന്ന ചടങ്ങിലാണ് പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ജയറാം താക്കൂ‍റും കേന്ദ്ര നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. അടുത്തമാസം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിലും സമാനമായ വാഗ്‌ദാനം ബിജെപി നൽകിയിരുന്നു. ഹിന്ദുവോട്ടുകൾ ലഭിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇതെന്നും ഏകീകൃത സിവിൽകോഡ് കേന്ദ്രപരിധിയിലുള്ളതാണെന്നും പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.

ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ വേണ്ടതിനാൽ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ഏക വ്യക്തിനിയമം നടപ്പാക്കാനായി വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാൻ ബിജെപി തീരുമാനമെടുത്തത് വിവാദമായിരുന്നു.

അതേസമയം സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായുള്ള പ്രവ‍ർത്തനം എന്നാണ് പ്രകടന പത്രിക പുറത്തിറക്കികൊണ്ടുള്ള ചടങ്ങിൽ ഉടനീളം നദ്ദ ആവർത്തിച്ചത്. ഡബിൾ എഞ്ചിൻ സ‍ർക്കാർ എന്ന പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് ബിജെപി. ഏക സിവില്‍കോഡ് അടക്കം 11 പ്രധാന വാ​ഗ്​ദാനങ്ങളാണ് ഹിമാചലില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉദ്യോഗാര്‍ഥികളെയും കര്‍ഷകരെയും ഉന്നമിട്ട് വമ്പന്‍ വാ​ഗ്​ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരുകൂട്ടരുടെയും ക്ഷേമമാണ് ലക്ഷ്യമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് നദ്ദ പറഞ്ഞു. എട്ട് ലക്ഷം പേർക്ക് ജോലി, എല്ലാ ഗ്രാമങ്ങളിലും റോഡ് നിർമ്മിക്കാൻ 5000 കോടി ചിലവഴിക്കും. തീർഥാടന ടൂറിസം വികസനത്തിന് 12000 കോടി രൂപ ചിലവഴിക്കുമെന്നും വാ​ഗ്​ദാനം ചെയ്യുന്നു.

വിലയിടിവും ഉത്പാദനച്ചിലവ് കുത്തനെ കൂടിയതും പാക്കിം​ഗ് വസ്തുക്കളുടെ ജിഎസ്ടി കൂടിയതു മടക്കമുള്ള പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയുള്ള ആപ്പിൾ കർഷകരുടെ പ്രതിഷേധം സംസ്ഥാനത്ത് വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിൽ പാക്കിംഗ് വസ്തുക്കളുടെ ജിഎസ്ടി 12 ശതമാനമാക്കും, അധിക ജിഎസ്ടി സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

അ‍ഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ പണിയും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ പോരായ്മകൾ നീക്കും. എല്ലാ മണ്ഡലങ്ങളിലും മൊബൈൽ ക്ലിനിക്ക് വാനുകൾ, സ്റ്റാർട്ടപ്പുകൾക്ക് 900 കോടി, വഖഫ് അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ, ആറ് മുതൽ 12 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സൈക്കിൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്കൂട്ടർ , വനിതകൾക്ക് സർക്കാർ തസ്തികകളിൽ 33 ശതമാനം സംവരണം എന്നിങ്ങനെയാണ് പത്രികയിലെ മറ്റ് വാഗ്​ദാനങ്ങൾ.

ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. വിമതരുടെ അടക്കം വെല്ലുവിളി ബിജെപി നേരിടുന്നുണ്ട്. ഇതിന് പുറമെ വലിയ വാ​ഗ്​ദാനങ്ങളുമായി കഴിഞ്ഞ ദിവസം കോൺ​ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കു സ്വീകാര്യതയുണ്ടാക്കിയ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു സമാനമായതുൾപ്പെടെയുള്ള വാ​ഗ്​ദാനങ്ങളുമായിട്ടാണ് ഹിമാചലിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപനം.

കോൺ​ഗ്രസിന്റെ പ്രകടനപത്രികയിൽ സർക്കാർ ജീവനക്കാർക്കും കർഷകർക്കും വലിയ പരി​ഗണന നൽകുന്നുണ്ട്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സർക്കാർ ജോലി, യുവാക്കൾക്ക് അഞ്ച് ലക്ഷം തൊഴിൽ തുടങ്ങി നേരത്തേ പ്രഖ്യാപിച്ച 10 വാ​ഗ്​ദാനങ്ങളും ഇതിൽപെടുന്നു.

ഓരോ നിയമസഭാ മണ്ഡലത്തിലും നാല് വീതം ഇംഗ്ലിഷ് മീഡിയം സ്കൂൾ, മൊബൈൽ ചികിത്സാ ക്ലിനിക്കുകൾ, ഫാം ഉടമകൾക്ക് ഉൽപന്നങ്ങളുടെ വിലനിർണയാധികാരം തുടങ്ങിയ വാ​ഗ്​ദാനങ്ങളും കോൺഗ്രസിന്റെ പ്രകടനപത്രികയിലുണ്ട്.

ഹിമാചലിൽ തുടർഭരണത്തിലേറുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നാല് ലോക്സഭാ സീറ്റ് മാത്രമുള്ള സംസ്ഥാനമെന്ന നിലയിൽ ഹിമാചലിനെ അവഗണിക്കുകയാണ് കോൺഗ്രസ്. ഈ വോട്ടെടുപ്പിലെ ഓരോ വോട്ടും ഹിമാചലിന്റെ അടുത്ത 25 വർഷത്തെ നിർണയിക്കുന്നതാണെന്നും മോദി പറഞ്ഞു. ആറ് ദിവസം മാത്രമാണ് ഇനി തെരഞ്ഞെടുപ്പിനുള്ളത്. ഡിസംബ‍ർ എട്ടിനാണ് വോട്ടെണ്ണൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.