ഗവര്‍ണറുടെ നോട്ടീസിന് 10 വിസിമാരും വിശദീകരണം നല്‍കി; ഇനി ഹിയറിങ് നടത്തി തുടര്‍ നടപടികളിലേക്ക് കടക്കാന്‍ രാജ്ഭവന്‍

ഗവര്‍ണറുടെ നോട്ടീസിന് 10 വിസിമാരും വിശദീകരണം നല്‍കി; ഇനി ഹിയറിങ് നടത്തി തുടര്‍ നടപടികളിലേക്ക് കടക്കാന്‍ രാജ്ഭവന്‍

മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസും സിപിഎമ്മും.

തിരുവനന്തപുരം: രാജി വയ്ക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്റെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ 10 വിസിമാരും വിശദീകരണം നല്‍കി. വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം.

യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. അതിനിടെ കേരള സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.

അതേസമയം കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാന്‍ സെര്‍ച്ച് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സെര്‍ച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിര്‍ദേശം ചെയ്യാത്ത പക്ഷം തുടര്‍നടപടി കൈക്കൊള്ളാന്‍ ചാന്‍സലറോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സര്‍വകലാശാലയിലെ സെനറ്റ് അംഗമായ എസ്. ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ രണ്ട് മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വിലക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. ഗവര്‍ണറുടെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാര്‍ത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോള്‍ അവരെ വിരട്ടി പുറത്താക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യ വിരുദ്ധമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഗവര്‍ണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.