സിഡ്‌നി: പ്രളയത്തില്‍ പുറംലോകവുമായുള്ള ബന്ധം മുറിഞ്ഞതോടെ ഹെലികോപ്റ്ററുകളില്‍ എത്തിക്കുന്ന ഭക്ഷണത്തിനും മരുന്നുകള്‍ക്കും കാത്തിരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സിലെ മൂന്നു പട്ടണങ്ങളിലെ ജനങ്ങള്‍. ലൈറ്റ്‌നിംഗ് റിഡ്ജ്, കോളറെനെബ്രി, വാള്‍ഗെറ്റ് എന്നീ നഗരങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടത്.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തുടനീളം 100-ലധികം മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. പല മേഖലകളിലും വ്യോമമാര്‍ഗമാണ് ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത്. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധമാണ് വെള്ളപ്പൊക്കം ഉയര്‍ന്നതെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് പറഞ്ഞു. അതേസമയം മഴയ്ക്ക് ശമനമുണ്ടായതോടെ വെള്ളപ്പൊക്കമുണ്ടായ വാഗ വാഗയിലും ഫോര്‍ബ്സിലും ശുചീകരണം ആരംഭിച്ചു. തുടര്‍ച്ചയായി വീടുകള്‍ ശുചീകരിക്കേണ്ടി വരുന്നതിന്റെ നിരാശ പലരും പങ്കുവച്ചു.
ന്യൂ സൗത്ത് വെയില്‍സ് അടിയന്തര സേവന വിഭാഗത്തിന് സഹായം തേടി 300-ലധികം കോളുകളാണു ലഭിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ 24 മണിക്കൂറിനുള്ളില്‍ 13 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വെള്ളത്തില്‍ മുങ്ങിയ ഫോര്‍ബ്‌സ് നഗരത്തില്‍നിന്നു രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ സ്ത്രീ സുരക്ഷിതമായി കുഞ്ഞിനു ജന്മം നല്‍കിയതായി വെസ്റ്റേണ്‍ എന്‍എസ്ഡബ്ല്യു ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ട് സ്ഥിരീകരിച്ചു.
ഫോര്‍ബ്‌സില്‍ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണുണ്ടായത്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വൃത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വെള്ളം ഉയര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല. ഫോര്‍ബ്‌സില്‍ നഴ്‌സുമാരെ ബോട്ടുകള്‍ വഴിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുടിക്കാനും ഭക്ഷണം തയാറാക്കാനും ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ച് ഉപയോക്കണമെന്ന് ലോക്കല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കി.
വിക്ടോറിയ സംസ്ഥാനത്തുടനീളം 39 മഴ മുന്നറിയിപ്പുകളാണ് നിലവിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.