കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ കുഞ്ഞ് ആശുപത്രി വിട്ടു; അമ്മയോടൊപ്പം മഹിളാ മന്ദിരത്തിലേക്ക് മാറ്റി

കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ കുഞ്ഞ് ആശുപത്രി വിട്ടു;  അമ്മയോടൊപ്പം മഹിളാ മന്ദിരത്തിലേക്ക് മാറ്റി

കണ്ണൂര്‍: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറ് വയസുകാരന്‍ ആശുപത്രി വിട്ടു. കുഞ്ഞിനെയും അമ്മയെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. നട്ടെല്ലിന് പരിക്കറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബാലന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെയാണ് ഡിസ്ചാർജ് നൽകി ഷെൽറ്റർ ഹോമിലേയ്ക്ക് മാറ്റിയത്.

അതേസമയം പ്രതി മുഹമ്മദ് ഷിഹാദിനെ തലശ്ശേരി കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടയച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോൾട്ട്. തലശ്ശേരി എസ്എച്ച്ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോർട്ട് കണ്ണൂർ റൂറൽ എസ്പി പിബി രാജീവ് എഡിജിപിക്ക് കൈമാറി.

പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോർട്ടിലുള്ളത്. മർദ്ദനമേറ്റ സ്ഥലത്ത് പൊലീസുദ്യോഗസ്ഥർ പോയെങ്കിലും സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ഇടപെടുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതും വീഴ്ചയാണ്. എസ്എച്ച്ഒ അടക്കം സ്റ്റേഷനിലെ നാല് പൊലീസുദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ നടപടി വരാനാണ് സാധ്യത. സംഭവത്തിൽ പൊലീസ് വീഴ്ചയെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനോട് വിവരങ്ങൾ ആരായുമെന്നും കെ വി മനോജ് കുമാർ അറിയിച്ചു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവ ദിവസം തലശേരിയിൽ തിരക്കേറിയ തെരുവിൽ നോ പാർക്കിംഗ് ഏരിയയിലാണ് പ്രതി വാഹനം നിർത്തിയിരുന്നത്. തുടർന്നാണ് പ്രകോപിതനായ ഷിഹാദ് കാറിൽ ചാരി നിന്ന കുട്ടിയെ തൊഴിച്ചത്. വ്യാഴാഴ്‌ച രാത്രി നടന്ന സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറോളമായിട്ടും പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്യാത്തതിൽ വലിയ വിമർശനം ഉയ‌ർന്നിരുന്നു.

ചവിട്ടേറ്റ് അമ്പരന്ന് നിന്നുപോയ കുട്ടിയെ സംഭവത്തിന് ദൃക്‌സാക്ഷികളായവരിൽ ചിലർ ചേർന്ന് ഉടൻ തലശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒരു അഭിഭാഷകൻ സംഭവം തലശേരി പൊലീസിലും അറിയിച്ചു. തുടർന്ന് ഷിഹാദിന്റെ കാർ പൊലീസ് രാത്രിയിൽ കസ്‌റ്റഡിയിലെടുത്തു. ഇയാളെ രാത്രിയിൽ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് പ്രശ്‌നം വാർത്താപ്രാധാന്യം നേടിയതോടെയാണ് അറസ്‌റ്റുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.