സാങ്കേതിക സര്‍വകലാശാല വിസി നിയമനം; ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

സാങ്കേതിക സര്‍വകലാശാല വിസി നിയമനം; ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

കൊച്ചി: കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഗവര്‍ണര്‍ നടത്തിയ നിയമനം സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ കേരളത്തിലെ ഏതെങ്കിലും വിസിമാര്‍ക്ക് പകരം ചുമതല നല്‍കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് സിസ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിയുടെ ചുമതല നല്‍കിയത്. 

വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു സിസ തോമസിന്റെ നിയമനം. രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റ് മുന്‍ ഡീന്‍ പി.എസ്. ശ്രീജിത്തിന്റെ പരാതിയിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. 

അതേസമയം സര്‍ക്കാരിനെതിരെ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍. നിലവിലെ ഒന്‍പത് വിസിമാരുടെ ഭാവി കൈപ്പിടിയിലൊതുക്കിയ ഗവര്‍ണര്‍ തിരുവനന്തപുരം നഗരസഭയില്‍ നടന്ന ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. ക്രമക്കേടിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രേഖകള്‍ നാളെ ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്കു നല്‍കും.

വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി രണ്ട് ദിവസം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഗവര്‍ണറെ രാജ്ഭവനില്‍ എത്തി കണ്ട 35 ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്കു നിവേദനം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെട്ട കത്ത് വിവാദം, നഗരസഭയില്‍ നടന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് എന്നിവ ചൂണ്ടി കാട്ടിയായിരുന്നു നിവേദനം.

നഗരസഭയിലെ ക്രമക്കേടുകള്‍ തിരുവനന്തപുരം നഗരസഭയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സംസ്ഥാനത്തെ നഗരസഭകളിലെല്ലാം ഇത്തരത്തില്‍ വിവിധ അഴിമതികള്‍ നടക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തില്‍ പറയുന്നു.

പട്ടികജാതി വിഷയം എന്ന നിലയിലാണ് ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. മുനിസിപ്പല്‍ ചട്ടം പ്രകാരം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു പരിമിതികളുണ്ട്. എന്നാല്‍, ഭരണത്തലവന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു കഴിയും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഗവര്‍ണര്‍ ഇടപെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.