കൊച്ചി: വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയും പരിഗണനയ്ക്ക് വരുന്നുണ്ട്.
ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് നോട്ടീസിലൂടെ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.
മറുപടി നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാന്‍സലര്‍മാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും. വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം.
അതിനിടെ കേരള സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണര്‍ നടത്തിയ നിയമനം സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഹര്‍ജി നിയമപരമായി നേരിടാനാണ് ഗവര്‍ണറുടെ നീക്കം. രാജ്ഭവന്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരണം നല്‍കും. ചാന്‍സലര്‍ക്ക് എതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചതിനെ രാജ്ഭവന്‍ ഗൗരവമായി എടുക്കുന്നു. ഇതിനിടെ സിസ തോമസ് ചുമതലയേറ്റ സമയത്ത് വിട്ടുനിന്ന കെടിയുവിലെ ഉദ്യോഗസ്ഥരുടെ വിവരം രാജ്ഭവന്‍ ശേഖരിച്ചു തുടര്‍നടപടി സ്വീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.