ഇന്‍സന്റീവ് എടുത്തുകളഞ്ഞു; എല്‍പിജി വാണിജ്യ സിലിണ്ടറുകള്‍ക്ക് 240 രൂപ കൂടി

ഇന്‍സന്റീവ് എടുത്തുകളഞ്ഞു; എല്‍പിജി വാണിജ്യ സിലിണ്ടറുകള്‍ക്ക് 240 രൂപ കൂടി

ന്യൂഡല്‍ഹി: ഹോട്ടലുകള്‍ക്കും ചെറുകിട ഭക്ഷണ വില്‍പ്പന ശാലകള്‍ക്കും തിരിച്ചടിയായി എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സന്റീവ് എടുത്തുകളഞ്ഞു. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് വില്‍പന വിലയായ 1,748 രൂപ നല്‍കണം. ഇതുവരെ 1,508 രൂപയായിരുന്നു വില. ഇന്‍സന്റീവ് എടുത്തുകളഞ്ഞതോടെ സിലിണ്ടറിന് 240 രൂപ വര്‍ധിച്ചു. പുതിയ വിലയിലാണ് ഇനി പാചകവാതകം ലഭിക്കുക. 

ഇന്‍സന്റീവ് നിര്‍ത്തലാക്കിയത് സിലിണ്ടര്‍ വിതരണ ഏജന്‍സികള്‍ക്ക് ആശ്വാസകരമാണെന്ന് ഏജന്‍സി ഉടമകള്‍ പറയുന്നു. ഇന്‍സന്റീവ് തുകയെല്ലാം ഇടനിലക്കാര്‍ ആണ് എടുക്കുന്നത്. വിതരണക്കാര്‍ക്ക് വില്‍പ്പന കൂടുമെന്നല്ലാതെ മറ്റ് ലാഭങ്ങളൊന്നുമില്ല. കൊല്ലം മുതലുള്ള ഇടനിലക്കാര്‍ എറണാകുളത്തുവന്ന് സിലിണ്ടര്‍ വില്‍ക്കുന്നുണ്ട്. ഇവര്‍ യാത്രചെലവ് ഉള്‍പ്പെടെയാണ് വിതരണക്കാരില്‍ നിന്ന് ഈടാക്കുന്നത്. ഇതിനെല്ലാം അറുതിവരുത്തുന്നതാണ് പുതിയ തീരുമാനം. 

ഗ്യാസ് വിതരണം സുതാര്യമാകുകയും ആര്‍ക്കാണ് ഗ്യാസ് നല്‍കുന്നതെന്നും വിതരണക്കാര്‍ക്ക് മനസിലാക്കാനും പുതിയ സംവിധാനം ഉപകരിക്കും. വില കുറച്ചും ഡിസ്‌കൗണ്ട് കൂട്ടിയുമുള്ള വിതരണക്കാരുടെ മത്സരം ഇതോടെ അവസാനിക്കും. ഗ്യാസിന്റെ വില കൃത്യമായി കൈയിലെത്തും. ഹോട്ടലുകള്‍ക്ക് ഇത് തിരിച്ചടിയാകുമെങ്കിലും മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ കൂടുതല്‍ വില നല്‍കി വാങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതമാകും. ഇതുമൂലം ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയില്‍ മാറ്റം ഉണ്ടായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.