റോം: ഇറ്റലിയില്‍ വലതുപക്ഷ നേതാവായ ജോര്‍ജിയ മെലാനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരമേറ്റതിനു ശേഷം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു വലിയ പ്രാധാന്യമാണു കല്‍പ്പിക്കുന്നത്. അതിന്റെ ഭാഗമായി ജര്‍മന്‍ കപ്പലിലെത്തിയ 35 അഭയാര്‍ത്ഥികളെ ഇറ്റലിയിലെ സിസിലി തുറമുഖത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.
ജര്‍മന്‍ സന്നദ്ധ സംഘടനയുടെ ഹ്യൂമാനിറ്റി 1 എന്ന റെസ്‌ക്യൂ കപ്പലിലെത്തിയ പുരുഷന്മാരായ അഭയാര്‍ത്ഥികള്‍ക്കാണ് അനുമതി നിഷേധിച്ചത്. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു. അഭയാര്‍ത്ഥികളാകാന്‍ യോഗ്യരല്ലെന്ന് കാരണത്താലാണ് 35 പേര്‍ക്ക് അനുമതി നിഷേധിച്ചത്.
ആരും കൂടെയില്ലാത്ത 100 പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 179 പേരുമായാണ് കപ്പല്‍ സിസിലിയിലെ കാറ്റാനിയ തുറമുഖത്ത് എത്തിയത്. ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് കപ്പലിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. കപ്പലിന് പ്രവേശനം അനുവദിച്ചെങ്കിലും അതിലുണ്ടായിരുന്ന 35 പേരെ കപ്പലില്‍ നിന്ന് ഇറങ്ങുന്നത് തടഞ്ഞു.
കുട്ടികളെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും ഇറക്കുന്നതിനു വേണ്ടി മാത്രമാണ് കപ്പലിന് രാജ്യത്തേക്കു പ്രവേശനം അനുവദിച്ചതെന്ന് ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്ഡോസി പറഞ്ഞിരുന്നു. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ദ്വീപിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലേക്കു മാറ്റി. ലിബിയയില്‍നിന്നുള്ള അഭയാര്‍ത്ഥികളാണ് കപ്പലിലുണ്ടായിരുന്നത്. ചെറുബോട്ടുകളിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. ഇവരെ ജര്‍മന്‍ കപ്പല്‍ കടലില്‍ വച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
കപ്പല്‍ കാറ്റാനിയ തുറമുഖത്തുനിന്നും വിടാന്‍ ഉത്തരവിട്ടിട്ടും ക്യാപ്റ്റന്‍ അതു വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കണമെന്ന് ജര്‍മ്മനിയും ഫ്രാന്‍സും ഇറ്റലിയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് കപ്പലിന് തുറമുഖത്ത് അടുക്കാന്‍ അനുമതി ലഭിച്ചത്.
അതേസമയം, 93 യാത്രക്കാരുമായി എത്തിയ റൈസ് എബൗവ് എന്ന കപ്പല്‍ പ്രക്ഷുബ്ധമായ കടല്‍സാഹചര്യങ്ങളില്‍ നിന്ന് സംരക്ഷണം തേടിയെങ്കിലും തുറമുഖത്ത് പ്രവേശിക്കാന്‍ അനുമതി ലഭിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.