ഡേ ലൈറ്റ് സേവിങ് ടൈം: ബിൽ നിലവിൽ വന്നാൽ പ്രത്യാഘാതങ്ങൾ നിരവധിയെന്ന് വിദഗ്ധർ

ഡേ ലൈറ്റ് സേവിങ് ടൈം: ബിൽ നിലവിൽ വന്നാൽ പ്രത്യാഘാതങ്ങൾ നിരവധിയെന്ന് വിദഗ്ധർ

വാഷിംഗ്ടണ്‍: പകൽ സമയത്തെ സൂര്യപ്രകാശം പരമാവധി ഉപയോഗപ്രദമാക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന ''ഡേ ലൈറ്റ് സേവിങ് ടൈം'' പദ്ധതി അമേരിക്കയിൽ സ്ഥിരമായി നടപ്പിലാക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഡേ ലൈറ്റ് സേവിങ് ടൈം സ്ഥിരമാക്കുന്നതിനുള്ള ബിൽ നിലവിൽ വന്നാൽ അത് മനുഷ്യന്റെ മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ, ജീവധർമ്മ പ്രക്രിയയായ ഉറക്കത്തെ വളരെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 25 വർഷത്തിനിടയിലെ പഠനങ്ങൾ കാണിക്കുന്നത് ഇത്തരത്തിൽ ഒരു മണിക്കൂർ സമയം മുമ്പോട്ടോ പിന്നോട്ടോ മാറ്റുന്നത് ഭൂമിയുടെ ഭ്രമണത്തിന് അനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ജൈവിക പ്രവർത്തങ്ങൾ അടക്കമുള്ള ശരീര താളങ്ങളെ തടസ്സപ്പെടുത്തുന്നു എന്നാണ്. ഡേ ലൈറ്റ് സേവിങ് ടൈം സ്ഥിരമാക്കുന്നത് ഒരു മോശം ആശയമാണെന്ന് അറിയാവുന്ന നിരവധി ഉറക്ക വിദഗ്ധരിൽ ഒരാളാണ് താനെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ സ്ലീപ്പ് മെഡിസിൻ വിഭാഗത്തിലെ ന്യൂറോളജി പ്രൊഫസറായ ഡോ. എലിസബത്ത് ക്ലെർമാൻ പറഞ്ഞു.

മനുഷ്യരുടെ സ്വാഭാവിക ശരീര ഘടികാരം സൂര്യപ്രകാശത്തോടൊപ്പമാണ് നിലകൊള്ളുന്നത്. അല്ലാതെ മനുഷ്യൻ സൃഷ്ടിച്ച ക്ലോക്കിനൊപ്പം അല്ല. ഒരു മണിക്കൂർ സമയ മാറ്റത്തിനനുസരിച്ച് ജനങ്ങളുടെ ശരീരം പൂർണ്ണമായും മാറുന്നു എന്നതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ക്ലെർമാൻ പറഞ്ഞു.

ജൈവഘടികാരത്തെ ദോഷകരമായി ബാധിക്കും

ഇല്ലിനോയിയിലെ ഇവാൻസ്റ്റണിലുള്ള നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ ഫെയിൻബെർഗ് സ്കൂൾ ഓഫ് മെഡിസിനിലെ സെന്റർ ഫോർ സിർകാഡിയൻ ആൻഡ് സ്ലീപ്പ് മെഡിസിൻ ഡയറക്ടർ ഡോ. ഫില്ലിസ് സീയും ഡേ ലൈറ്റ് സേവിങ് ടൈം സ്ഥിരമാക്കുന്നതിനെ പൂർണ്ണമായും എതിർക്കുന്നു. മാര്‍ച്ച് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിച്ച് നവംബര്‍ മാസത്തെ ആദ്യ ഞായറാഴ്ച അവസാനിക്കുന്നതാണ് ഡേ ലൈറ്റ് സേവിങ് ടൈം. മാര്‍ച്ചില്‍ ഒരു മണിക്കൂര്‍ മുമ്പോട്ടും നവംബറില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും സമയം മാറ്റം ഉണ്ടാകും.

ഇതിലൂടെ മാർച്ചിനും നവംബറിനും ഇടയിൽ മനുഷ്യ ശരീരത്തിന് കുറച്ച് പ്രഭാത വെളിച്ചവും കൂടുതൽ സായാഹ്ന വെളിച്ചവും ലഭിക്കുന്നു. ഇത് രാവിനും പകലിനും അനുസരിച്ച് ജീവികളുടെ ഉറക്കവും ഉണർവും നിയന്ത്രിക്കുന്ന ജൈവഘടികാരത്തെ ദോഷകരമായി ബാധിക്കും.

മനുഷ്യനടക്കം എല്ലാ ജീവികളുടെയും ജൈവികപ്രവർത്തനങ്ങളുടെ താളം, ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളെ മുൻകൂട്ടിക്കാണാനും അതിനനുസരിച്ച് പ്രതികരിക്കാനും ജീവികൾക്ക് സാധിക്കുന്നു. സർക്കേഡിയൻ റിഥം എന്നാണ് ഈ ജൈവഘടികാരം അറിയപ്പെടുന്നത്. ജീവികളുടെ പെരുമാറ്റരീതികൾ, ഹോർമോൺ നില, ഉറക്കം, ശാരീരികപ്രവർത്തനങ്ങൾ, ശരീരോഷ്മാവ് എന്നിവയെയെല്ലാം നിയന്ത്രിക്കുന്നതും ഈ ജൈവഘടികാരമാണ്.

നവംബറിലെ ശരത്കാലത്തിൽ ക്ലോക്കുകളിൽ ഒരു മണിക്കൂർ പിന്നിലേക്ക് നീക്കുമ്പോൾ നമ്മൾ പ്രവേശിക്കുന്ന സ്റ്റാൻഡേർഡ് സമയം സൂര്യന്റെ രാവും പകലും ചക്രവുമായി വളരെ അടുത്താണെന്ന് സീ പറഞ്ഞു. ഈ ചക്രം നൂറ്റാണ്ടുകളായി നമ്മുടെ ജൈവഘടികാരത്തിൽ സജ്ജമാക്കിയിരിക്കുന്നതാണ്. നമ്മൾ ഉറങ്ങുമ്പോൾ മാത്രമല്ല ഭക്ഷണം കഴിക്കുമ്പോൾ, വ്യായാമമോ ജോലിയോ ചെയ്യുമ്പോൾ ഒക്കെ ശരീരത്തിലെ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവയെ ജൈവഘടികാരം നിയന്ത്രിക്കുന്നുവെന്നും സീ കൂട്ടിച്ചേർത്തു.

അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ ഡേ ലൈറ്റ് സേവിംഗ് ടൈം സ്ഥിരമാക്കുന്നത് നിരോധിക്കാനുള്ള ഒരു ആഹ്വാനം പുറപ്പെടുവിച്ചിട്ടുണ്ട്. വർഷം മുഴുവൻ സ്റ്റാൻഡേർഡ് സമയം സ്വീകരിക്കുന്നതിനെ നിലവിലെ പഠനങ്ങൾ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നുവെന്ന് അവർ വാദിക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് ഒക്കുപ്പേഷണൽ ആൻഡ് എൻവയോൺമെന്റൽ മെഡിസിൻ, നാഷണൽ പാരന്റ് ടീച്ചർ അസോസിയേഷൻ, നാഷണൽ സേഫ്റ്റി കൗൺസിൽ, സൊസൈറ്റി ഫോർ റിസർച്ച് ഓൺ ബയോളജിക്കൽ റിഥംസ്, വേൾഡ് സ്ലീപ്പ് സൊസൈറ്റി എന്നിവയുൾപ്പെടെ 20 ലധികം മെഡിക്കൽ, ശാസ്ത്രീയ, പൗര സംഘടനകൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്.

എന്തൊക്കെയാണ് പ്രത്യാഘാതങ്ങൾ?

സ്വാഭാവിക ശരീര ഘടികാരങ്ങൾ സൂര്യന്റെ പകൽ-രാത്രി ചക്രത്തിൽ നിന്ന് ഒരു മണിക്കൂർ മുന്നോട്ടോ പിന്നോട്ടോ മാറ്റുമ്പോൾ, സാധാരണ ദിവസങ്ങളിൽ നമ്മൾ പാലിക്കുന്ന ഉറക്കത്തിന്റെ സമയക്രമവും അവധിദിനങ്ങളിൽ കൂടുതൽ ഉറങ്ങുന്നതും പോലുള്ള ഉറക്ക സമയത്തിലെ വ്യത്യാസമായ സോഷ്യല്‍ ജെറ്റ് ലാഗ് വർദ്ധിക്കുന്നു.

പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത സോഷ്യൽ ജെറ്റ് ലാഗ് വർദ്ധിക്കുന്നതിനനുസരിച്ച് കൂടുന്നുണ്ട്. കൂടാതെ വിഷാദം പോലുള്ള മാനസികാവസ്ഥാ വൈകല്യങ്ങൾ വഷളാക്കുന്നു. ദഹന, എൻഡോക്രൈൻ സിസ്റ്റങ്ങളെ ബാധിക്കുന്നു. നമ്മുടെ ഉറക്ക ദൈർഘ്യം കുറയ്ക്കുന്നു. അതിലൂടെ ആയുർ ദൈർഘ്യം പോലും കുറയ്ക്കാൻ ഇതിന് കഴിയും.

ഡേ ലൈറ്റ് സേവിങ് ടൈം സ്ഥിരമാക്കുന്നത് ഉറക്ക നഷ്ടത്തിനും അതിലൂടെ വിട്ടുമാറാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് സൊസൈറ്റി ഫോർ റിസർച്ച് ഓൺ ബയോളജിക്കൽ റിഥംസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

2003-ലെ ഒരു പഠനത്തിൽ രണ്ടാഴ്ചത്തേക്ക് ഒരു മണിക്കൂർ കുറഞ്ഞ ഉറക്കം ലഭിക്കുന്നത് രണ്ട് മുഴുവൻ രാത്രികളിലും ഉറക്കമില്ലാതെ പോകുന്നതിന് സമാനമായ സ്വാധീനം ചിന്തയിലും മോട്ടോർ കഴിവുകളിലും ചെലുത്തുന്നതായി കണ്ടെത്തി. മുതിർന്നവർക്ക് ശുപാർശ ചെയ്ത 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം 90 മിനിറ്റ് കുറയ്ക്കുന്നത് രോഗപ്രതിരോധ കോശങ്ങളുടെ ഡിഎൻഎയിൽ മാറ്റം വരുത്തുകയും വിട്ടുമാറാത്ത രോഗത്തിന്റെ പ്രധാന കാരണമായ വീക്കം വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് മറ്റൊരു പഠനം പറയുന്നു.

കൂടുതൽ വായനയ്ക്ക്

https://cnewslive.com/news/37183/daylight-saving-time-2022-us-senate-approves-sunshine-protection-act-vj


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.