കൊച്ചി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കോടി ഉയർന്നു. എറണാകുളം ഗവ.ഗേൾസ് എച്ച്എസ്എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു കൊടി ഉയര്‍ത്തിയതോടെ മേളയ്ക്ക് തിടക്കമായി. നഗരത്തിലെ ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.
എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എംഎല്‍എമാരായ കെ.ജെ. മാക്‌സി, അനൂപ് ജേക്കബ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ബാബു, പി.വി. ശ്രീനിജിന്‍, റോജി എം.ജോണ്‍, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് എന്നിവര്‍ മുഖ്യാതിഥികളാകും.
ആദ്യ ദിനമായ ഇന്ന് രജിസ്‌ട്രേഷന്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍.
എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആര്‍വി എച്ച്എസ്എസ്, എറണാകുളം ദാറുല്‍ ഉലൂം എച്ച്എസ്എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് എച്ച്എസ്എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗണിത ശാസ്ത്രമേളയ്ക്കും എറണാകുളം ദാറുല്‍ ഉലൂം എച്ച്എസ്എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും വേദിയാകും. ഐടി മേള നടക്കുന്നത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്ആര്‍വി എച്ച്എസ്എസ് വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവയ്ക്ക് വേദിയാകും.
പെരുമാനൂര്‍ സെന്റ് തോമസ് സ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് സ്‌കൂള്‍, എറണാകുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍, ഇടപ്പള്ളി പയസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണു പെണ്‍കുട്ടികള്‍ക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
പെരുമാനൂര്‍ സിസിപിഎല്‍എം, തൃക്കനാര്‍വട്ടം എസ്എന്‍ സ്‌കൂള്‍, ചാത്തിയത്ത് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ചാത്തിയത്ത് എല്‍എംസിസി സ്‌കൂള്‍, എളമക്കര ഗവ.സ്‌കൂള്‍, ഇടപ്പള്ളി ഗവ.സ്‌കൂള്‍, കലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആൺകുട്ടികൾക്കു താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ ഇരുന്നൂറോളം ജീവനക്കാരാണ് 17 കമ്മിറ്റികളിലായി സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ നടത്തിപ്പില്‍ പങ്കാളികളാകുന്നത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികളും സേവനസജ്ജരായി വേദികളിലുണ്ടാകും.
മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണം ഒരുക്കുന്നത് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ കലവറയിലായിരിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും ശാസ്‌ത്രോത്സവത്തിനു സദ്യ ഒരുക്കുന്നത്.
പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. മത്സര ശേഷമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി 200 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കും. കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ മാലിന്യങ്ങള്‍ തരംതിരിച്ച ശേഷം നിര്‍മാര്‍ജ്ജനം ചെയ്യും.
ശനിയാഴ്ച ശാസ്ത്രമേള സമാപിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, ആന്റണി ജോണ്‍, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി. നാഗരാജു എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കും. ശാസ്ത്രമേളയുടെ സുവനീര്‍ പ്രകാശനം ജെബി മേത്തര്‍ എംപി നിര്‍വഹിക്കും. മേളയുടെ ലോഗോ തയ്യാറാക്കിയ വ്യക്തിയെ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ ആദരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.