എംജിയിലും ഇഷ്ടനിയമനത്തിന് നേതാക്കളുടെ കത്ത്; എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തി

എംജിയിലും ഇഷ്ടനിയമനത്തിന് നേതാക്കളുടെ കത്ത്; എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തി

കോട്ടയം: എംജി സർവകലാശാലയിലും ഇഷ്ടക്കാർക്ക് നിയമനത്തിന് നേതാക്കളുടെ കത്ത്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ പട്ടിക കാറ്റില്‍പ്പറത്തിയാണ് എംജിയിൽ പിന്‍വാതില്‍ നിയമനം തുടരുന്നത്. 

പരീക്ഷാവിഭാഗത്തിലെ താത്കാലിക സഹായികള്‍, ഓഫീസ് അറ്റന്‍ഡര്‍, ലൈബ്രേറിയന്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, പൂന്തോട്ടം സൂക്ഷിപ്പുകാര്‍ തുടങ്ങിയ തസ്തികകളിലാണ് പിൻവാതിൽ നിയമനം നടക്കുന്നത്. സിന്‍ഡിക്കേറ്റ് അംഗങ്ങളും രാഷ്ട്രീയനേതാക്കളും നല്‍കുന്ന കത്താണ് നിയമനയോഗ്യത. നാനൂറിലേറെ ഒഴിവുകളില്‍ ഈ രീതിയില്‍ എല്ലാവര്‍ഷവും ഇഷ്ടനിയമനം നടക്കുന്നു.

കോടതിവിധികള്‍ ലംഘിച്ച് സ്ഥിരം തസ്തികകളില്‍പ്പോലും വര്‍ഷങ്ങളായി താത്കാലിക നിയമനം തുടരുകയാണ്. ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ മാത്രം 190 ഒഴിവുകളാണുള്ളത്. 10 വര്‍ഷമായി സ്ഥിരനിയമനം നടത്തിയിട്ടില്ല.

2011-ല്‍ സര്‍വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ചായിരുന്നു ഇത്. 2016-ലാണ് സര്‍വകലാശാലാ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ പി.എസ്.സി. നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍സ് വന്നത്. മറ്റു തസ്തികകളില്‍ റൂള്‍സ് തയ്യാറാക്കാതെ പി.എസ്.സി. നിയമനത്തിന് തടയിട്ടു. സ്‌പെഷ്യല്‍ റൂള്‍ വരുംവരെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനംനടത്തണം എന്നാണ് ചട്ടം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് പട്ടിക വാങ്ങുമെങ്കിലും കാലാവധിതീരുംവരെ മെല്ലെപ്പോക്ക് നടത്തും. തുടര്‍ന്ന് ഇഷ്ടക്കാരെ പിന്‍വാതില്‍വഴി നിയമിക്കും.

പരീക്ഷാക്യാമ്പ് നടത്തിപ്പിനുള്ള സഹായികളെ നിയമിക്കുന്നതിലാണ് വന്‍ തട്ടിപ്പ്. വര്‍ഷംമുഴുവന്‍ വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകളുണ്ടാകും. ഇതിനുള്ള സഹായികളെ പാര്‍ട്ടി ഓഫീസുകളില്‍നിന്നുള്ള പട്ടിക പ്രകാരമാണ് നിയമിക്കുക. താത്കാലിക നിയമനകാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട് വീണ്ടും അവരെത്തന്നെ നിയമിക്കും. ഇതിനിടയില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പട്ടിക വരികയും റദ്ദാകുകയുംചെയ്യും. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പട്ടികയും നിയമനംകിട്ടിയവരുടെ വിവരവും ഒത്തുവെച്ച് പരിശോധന നടത്താത്തതിനാല്‍ ഇത് പുറത്തുവരുകയുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.