ലുലു ഹൈപ്പർമാർക്കറ്റ് ഇനി ദുബായ് മാളിലും

ലുലു ഹൈപ്പർമാർക്കറ്റ് ഇനി ദുബായ് മാളിലും

ദുബായ്: ഡൗൺ ടൗൺ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമ്മാർ പ്രോപ്പർട്ടീസും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പ് വെച്ചു.

എമ്മാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. എമാർ പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് ജയിൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, എമാർ മാൾസ് സി.ഇ.ഒ വാസിം അൽ അറബി എന്നിവരും സന്നിഹിതരായിരുന്നു.

അടുത്ത വർഷം ഏപ്രിലോടുകൂടി ലുലു @ ദുബായ് മാൾ പ്രവർത്തനം ആരംഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിനായി എമാർ ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. 

 ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം പറഞ്ഞു. 


ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ആയിരത്തിലധികം റീട്ടെയിൽ ബ്രാൻഡുകളാണ് പ്രവർത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 240-ലധികം ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.