ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കല്‍: സര്‍വ്വത്ര ആശയക്കുഴപ്പം; ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന

ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കല്‍: സര്‍വ്വത്ര ആശയക്കുഴപ്പം; ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് ഒപ്പിടാതെ രാഷ്ട്രപതിക്ക് അയക്കുന്ന സാഹചര്യം ഉണ്ടാകുന്നത് കാലതാമസത്തിനിടയ്ക്കുമെന്നതിനാല്‍ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചാല്‍ അനുമതി അനിശ്ചിതത്വത്തിലാകുമെന്നാണ് ആശങ്ക. ഓര്‍ഡിനന്‍സിനു പകരം, ബില്ലായി നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് ആലോചന.

തന്നെ ലക്ഷ്യംവച്ചുള്ള ഓര്‍ഡിനന്‍സ് ഒപ്പുവക്കാതെ രാഷ്ട്രപതിക്ക് വിടുമെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രപതിക്ക് വിട്ടാല്‍ തീരുമാനം വൈകും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനും കഴിയില്ല. മന്ത്രിസഭായോഗം തീരുമാനിച്ച് മൂന്നുദിവസമായിട്ടും ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. എന്നാല്‍, ഓര്‍ഡിനന്‍സില്‍നിന്ന് പിന്മാറുകയാണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നടക്കം വിശദീകരിക്കുന്നത്.

ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിനുമുമ്പ് നിയമവിദഗ്ധരുമായടക്കം സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിരുന്നു. ചാന്‍സലര്‍ പദവി മാറ്റുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയില്ലെന്നായിരുന്നു ലഭിച്ച വിദഗ്ധാഭിപ്രായം. കേന്ദ്രനിയമങ്ങളെയോ, ഭരണഘടനാ വ്യവസ്ഥകളെയോ മറികടക്കുന്ന കാര്യങ്ങളൊന്നും ഓര്‍ഡിനന്‍സിലില്ല.

സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളിലാണ് മാറ്റമെന്നുള്ളതുകൊണ്ട് ഇത് പൂര്‍ണമായും സംസ്ഥാന വിഷയമാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ചിനു മുമ്പായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗവര്‍ണര്‍ക്കെതിരേയുള്ള ശക്തമായ നടപടിയെന്നനിലയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.