തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പ്രചരിച്ച നിയമനക്കത്ത് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമോ നടപടിയോ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. കത്തില്‍ ആര്യ നല്‍കിയ വിശദീകരണം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ തിടുക്കപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
കത്ത് വിവാദമായപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനായി ഏതെങ്കിലും നേതാക്കളെ ചുമതലപ്പെടുത്തുകയോ പാര്‍ട്ടി കമ്മിഷന്‍ രൂപവത്കരിക്കുകയോ ചെയ്തിരുന്നില്ല. തിടുക്കപ്പെട്ട് പരിശോധനയും നടപടിയും ഉണ്ടാകുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് സെക്രട്ടേറിയറ്റ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
നിയമനത്തിന് പാര്‍ട്ടി പട്ടികതേടി രണ്ടുകത്തുകളാണ് പ്രചരിച്ചത്. ഇതില്‍ ഒന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റേതും മറ്റൊന്ന് കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്‍. അനിലിന്റെ പേരിലുള്ളതുമാണ്. കത്ത് മേയര്‍ നിഷേധിച്ചപ്പോള്‍, മറ്റേത് തയ്യാറാക്കിയത് താനാണെന്ന് അനില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിലും പാര്‍ട്ടി പരിശോധനയും നടപടിയുമുണ്ടാകില്ല.
കത്ത് സംബന്ധിച്ച പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിനും മേയര്‍ക്കും നോട്ടീസ് അയച്ച നടപടി സ്വാഭാവികമാണെന്നാണ് സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. വ്യാജരേഖ തയ്യാറാക്കല്‍ ഉന്നതപദവിയിലിരിക്കുന്നവരെ അപമാനിക്കാനുള്ള ശ്രമം എന്നിങ്ങനെയാണ് മേയറുടെ മൊഴി അനുസരിച്ച് ഉണ്ടാകാവുന്ന കേസുകള്‍. ഇതില്‍ കേസെടുക്കാതെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിമിതിയുണ്ട്. കേസില്ലാതെ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ട്. അതാണ് കേസ് വിജിലന്‍സിനെ ഏല്പിക്കാനുള്ള തീരുമാനം തിടുക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ കാരണം.
അതേസമയം മേയര്‍ ആര്യാ രാജേന്ദ്രനും സ്ഥിരംസമിതി അധ്യക്ഷന്‍ ഡി.ആര്‍. അനിലിനും ഹൈക്കോടതി നോട്ടീസയച്ചതിന് പിന്നാലെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. ഇതേ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിടുകെയായിരുന്നു.
കത്തിനുപിന്നില്‍ അഴിമതിയുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ്-ഒന്ന് എസ്പി കെ.ഇ. ബൈജുവാണ് അന്വേഷണം നടത്തുന്നത്. അഴിമതിയുണ്ടെന്ന് ബോധ്യമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും. പ്രാഥമിക പരിശോധനയുടെ ഭാഗമായി പരാതിക്കാരില്‍ നിന്നാകും ആദ്യം മൊഴിയെടുക്കുക. പ്രാഥമികാന്വേഷണത്തിന് പരമാവധി മൂന്നുമാസമാണ് അനുവദിക്കാറുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.