മദ്യലഭ്യത കുറഞ്ഞു: വ്യാജമദ്യ മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ്

 മദ്യലഭ്യത കുറഞ്ഞു: വ്യാജമദ്യ മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വിപണനത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ബിവറേജസ് ഷോപ്പുകളില്‍ മദ്യശേഖരം പരിമിതമായതോടെയാണ് മുന്നറിയിപ്പ്. നികുതി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡിസ്റ്റലറികള്‍ ഉത്പാദനം നിര്‍ത്തിയതോടെ ബിവറേജസ് ഷോപ്പുകളില്‍ മദ്യലഭ്യത കുറഞ്ഞു.

നിലവില്‍ നാലുലക്ഷം കെയ്സ് മദ്യമാണ് ഗോഡൗണുകളിലുള്ളത്. ഇതില്‍ ഭൂരിഭാഗവും വിലകൂടിയതാണ്. ആവശ്യക്കാര്‍ ഏറെയുള്ള വിലകുറഞ്ഞ മദ്യം മിക്കയിടത്തുമില്ല.

ഒരാഴ്ചത്തെ വില്‍പ്പനയ്ക്കുള്ള മദ്യശേഖരമാണ് കോര്‍പ്പറേഷന്റെ കൈവശമുള്ളത്. വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍ നിന്നുള്ള പ്രതിദിന വരുമാനം 17 കോടി രൂപയ്ക്ക് താഴെയായി. നേരത്തേ 25 കോടി രൂപയ്ക്ക് മേലേയായിരുന്നു.

ബിവറേജസ് ഷോപ്പുകളിലെ ഉപഭോക്താക്കളില്‍ പത്തു ശതമാനം പേര്‍ മദ്യാസക്തിയുള്ളവരാണ്. ഷോപ്പുകളില്‍ മദ്യമില്ലാതെ വന്നാല്‍ ഇവര്‍ മറ്റു ലഹരികള്‍ തേടാനുള്ള സാധ്യതയുണ്ട്. ഇത് വിഷമദ്യ ദുരന്ത സാധ്യത വര്‍ധിപ്പിക്കും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നികുതിവെട്ടിച്ച് മദ്യമെത്തിക്കാനുള്ള സാധ്യതയും എക്സൈസ് തള്ളുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. വ്യാജമദ്യക്കച്ചവട സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിങും കൂട്ടി.

മദ്യനിര്‍മാണത്തിനുള്ള പ്രധാന ചേരുവയായ സ്പിരിറ്റിന്റെ വില മൂന്നു മാസത്തിനിടെ ലിറ്ററിന് 64 രൂപയില്‍ നിന്ന് 74 ആയി ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 95 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മദ്യമെത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല.

സ്പിരിറ്റ് വിലവര്‍ധനയ്ക്കു പുറമേ വിറ്റു വരവ് നികുതിയുടെ പേരില്‍ ഡിസ്റ്റലറി ഉടമകളും ബിവറേജസ് കോര്‍പ്പറേഷനും തമ്മിലുണ്ടായ തര്‍ക്കമാണ് മദ്യനിര്‍മാണം നിര്‍ത്തിവെക്കുന്ന സാഹചര്യമുണ്ടാക്കിയത്. നികുതി ക്രമീകരിച്ച് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

പൊതുവിപണിയിലെ മദ്യവില കൂടാതെയും സര്‍ക്കാരിന് വരുമാനം നഷ്ടമാകാതെയുമുള്ള നികുതിക്രമീകരണമാണ് സമിതി പരിഗണിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.