പുസ്തകോത്സവത്തില്‍ ഷാരൂഖ് ഖാനെത്തി, ജനസാഗരമായി ഷാ‍ർജ

പുസ്തകോത്സവത്തില്‍ ഷാരൂഖ് ഖാനെത്തി, ജനസാഗരമായി ഷാ‍ർജ

ഷാർജ: സത്യസന്ധവും സൗമ്യതയുമുളള ഹൃദയം സൂക്ഷിക്കുക, വിജയകരമായി ജീവിതം നയിക്കാന്‍ നമ്മുടെ ഹൃദയത്തിലെ ഈ രണ്ട് ഗുണങ്ങളേക്കാള്‍ കൂടുതലായി മറ്റൊന്നും ആവശ്യമില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. യുഎഇയിലെ അക്ഷരനഗരിയിലെത്തിയ ഷാരൂഖ് ഖാനെ കാണാന്‍ പതിനായിരങ്ങളാണ് ഷാർജ എക്സ്പോ സെന്‍ററിലേക്ക് എത്തിയത്.


ഇന്‍റർനാഷണല്‍ ഐക്കണ്‍ ഓഫ് സിനിമാ ആന്‍റ് കള്‍ച്ചറല്‍ നറേറ്റീവ് പുരസ്കാരം എസ്ബിഎ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ പതറിപ്പോകുന്ന സന്ദർഭങ്ങളുണ്ടാകും. ആ നിമിഷത്തില്‍ ഹൃദയത്തില്‍ സത്യസന്ധതയും സൗമ്യതയും സൂക്ഷിച്ചാല്‍ ജീവിതത്തില്‍ വിജയമുണ്ടാകും, ഷാരൂഖ് പറഞ്ഞു. ഓസ്കാർ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വൈകീട്ട് ആറുമണിയോടെ ആരംഭിക്കുന്ന പരിപാടിയിലേക്ക് എത്തുന്ന ഷാരൂഖ് ഖാനെ കാണാനായി ആരാധകർ ഏറെ നേരത്തെ തന്നെ ബോള്‍റൂമിലെത്തിയിരുന്നു. ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇന്ന് വെള്ളിയാഴ്ചയായതുകൊണ്ട് നാലുമണിക്കാണ് പുസ്തകോത്സവത്തില്‍ സന്ദർശകർക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ രാവിലെതന്നെ എക്സ്പോ സെന്‍ററിലെത്തി ക്യൂ നിന്നവരും നിരവധി.


തിരക്ക് കാരണം എക്സ്പോ സെന്‍ററിനുളളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ പുറത്ത് സ്ഥാപിച്ചിട്ടുളള വലിയ സ്ക്രീനില്‍ ഇഷ്ടനടനെ കണ്ട് തൃപ്തിപ്പെട്ടവരുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.