മൊഴി നല്‍കിയെന്ന് ആനാവൂര്‍; ഇല്ലെന്ന് ക്രൈംബ്രാഞ്ച്: കത്ത് വിവാദം വീണ്ടും പുകയുന്നു

മൊഴി നല്‍കിയെന്ന് ആനാവൂര്‍; ഇല്ലെന്ന് ക്രൈംബ്രാഞ്ച്: കത്ത് വിവാദം വീണ്ടും പുകയുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം തള്ളി ക്രൈംബ്രാഞ്ച്. മൊഴി നല്‍കാന്‍ ആനാവൂര്‍ സമയം നല്‍കുന്നില്ലെന്ന് കൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.

സംഭവത്തില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചിരുന്നു. പാര്‍ട്ടിക്കാര്യങ്ങളില്‍ തിരക്കിലാണെന്നും കത്ത് കണ്ടിട്ടില്ലെന്നും ആനാവൂര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഫോണിലൂടെ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നുമാണ് അദ്ദേഹം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പക്ഷേ ഇത് ക്രൈംബ്രാഞ്ചിന് സ്വീകാര്യമായിട്ടില്ല.

എന്നാല്‍ തികച്ചും വ്യത്യസ്തമായ കാര്യമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. 'എന്നോട് മൊഴി ആവശ്യപ്പെട്ടു, ഞാന്‍ മൊഴി കൊടുത്തു. അതൊന്നും പങ്കുവെക്കേണ്ട ആവശ്യമില്ല'-ഇതായിരുന്നു മൊഴിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ആനാവൂരിന്റെ മറുപടി.

ക്രൈംബ്രാഞ്ച് അന്വേഷണം കഴിഞ്ഞ് മതിയോ പാര്‍ട്ടിയുടെ അന്വേഷണം എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുണ്ട്. കോണ്‍ഗ്രസ് അല്ല ഇത്, കോണ്‍ഗ്രസിന്റെ അന്വേഷണം വെച്ചാല്‍ പിന്നെ തെളിവ് കാണില്ല. പാര്‍ട്ടിയില്‍ അന്വേഷണം നടത്തി കുറ്റവാളിയെന്ന് കണ്ടാല്‍ നടപടിയുണ്ടാകും' എന്നായിരുന്നു പ്രതികരണം.

ആര് മൊഴിയെടുക്കാന്‍ വന്നാലും കൊടുക്കും. എന്നാല്‍ മേയര്‍ക്കെതിരെ വ്യക്തിഹത്യ ചെയ്യുന്ന രീതിയാണ് നിലവില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.