ജി 20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയേക്കും

ജി 20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്തോനേഷ്യയിലെ ബാലിയില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിലാകും കൂടിക്കാഴ്ച നടക്കുക. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ഈ വര്‍ഷം ഇന്ത്യയാണ് ജി 20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ 14 ന് പ്രധാനമന്ത്രി ബാലിയിലേക്ക് പോകും.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ഋഷി സുനകുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായുള്ള മോഡിയുടെ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അടുത്ത പങ്കാളിത്തം പുനസ്ഥാപിക്കാന്‍ അവസരമൊരുക്കുമെന്നാണ് വിലയിരുത്തല്‍.

കൂടാതെ സുരിനാം പ്രസിഡന്റുമായും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായും മോഡി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇന്തോനേഷ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ജി 20 ഉച്ചകോടിയുടെ 17-ാമത് എഡീഷന്‍ നവംബര്‍ 15 നും 16 നും നടക്കും. നിലവിലെ ആഗോള പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് സംബന്ധിച്ച് ലോക നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കും.

ഇതിന്റെ ഭാഗമായി ഈ മാസം ആദ്യം പ്രധാനമന്ത്രി ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയുടെ ലോഗോയും തീമും വെബ്‌സൈറ്റും പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജി 20 ലോഗോ ആവിഷ്‌കരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.